ഐടിക്ക് വലിയ തിരിച്ചടി; ചുവപ്പില്‍ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍
- നിഫ്റ്റി ഐടി 2 ശതമാനത്തോളം ഇടിവില്‍
- ഫാര്‍മ ഓഹരികള്‍ നേട്ടത്തില്‍
- വിപണിയില്‍ അസ്ഥിരാവസ്ഥയെന്ന് വിദഗ്ധര്‍
ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ സ്വീകരിച്ച് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നും ഇടിവ് തുടരുന്നു. തുടക്ക വ്യാപാരത്തില്‍ സെൻസെക്‌സ് 271.85 പോയിന്റ് താഴ്ന്ന് 71,620.63 എന്ന നിലയിലെത്തി. നിഫ്റ്റി 71.35 പോയിന്റ് താഴ്ന്ന് 21,594.45 ൽ എത്തി. രാവിലെ 9:41നുള്ള നില അനുസരിച്ച് 315.25 പോയിന്‍റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 71,577.23 ല്‍ ആണ്. നിഫ്റ്റി 94.80 പോയിന്‍റ് അഥവാ 0.44 ശതമാനം ഇടിവോടെ 21,571ല്‍ ആണ്.
നിഫ്റ്റിയില്‍ ഫാര്‍മ, ഓയില്‍-ഗ്യാസ്, എഫ്‍എംസിജി എന്നിവ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇടിവിലാണ്. ഐടി, മെറ്റല്‍, ഓട്ടോ സൂചികകള്‍ വലിയ നഷ്ടം നേരിടുന്നു. നിഫ്റ്റി ഐടി 2 ശതമാനത്തോളം ഇടിഞ്ഞു. ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ഹിന്‍ഡാല്‍കോ, വിപ്രൊ, എല്‍ടിഎം, ടാറ്റ സ്‍റ്റീല്‍ എന്നിവയാണ് ഏറ്റവും വലിയ ഇടിവ് നേരിടുന്നത്. അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്‍സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുനീലിവര്‍, ബജാജ് ഫിന്‍സെര്‍വ് എന്നിവ നേട്ടത്തിലാണ്.
സെന്‍സെക്സില്‍ ഐടിസി, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുനീലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലാണ്.
"ഉയർന്ന മൂല്യനിർണ്ണയത്തിൽ ലാഭം ബുക്കിംഗ് ആരംഭിച്ചതോടെ വിപണി വളരെ അസ്ഥിരമായി മാറി. സ്ഥിരമായി വാങ്ങുന്നവരായ ഡിഐഐ-കൾ പോലും ലാഭം ബുക്ക് ചെയ്യുന്നു. ഇതിനൊപ്പം വീഴ്ചയില്‍ വാങ്ങുന്നതും നടക്കുന്നു. ലാഭ ബുക്കിംഗിന്റെയും ഡിപ്പ് വാങ്ങലിന്റെയും ഈ ഇരട്ട പ്രവണതകള്‍ വിപണിയെ വളരെയധികം അസ്ഥിരമാക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ദീർഘകാല നിക്ഷേപകർക്ക് ഈ വർഷം നിഫ്റ്റിയെ മറികടക്കാൻ സാധ്യതയുള്ള സാമാന്യം മൂല്യമുള്ള ലാർജ്ക്യാപ് പ്രൈവറ്റ് ബാങ്കിംഗ് ഓഹരികൾ വാങ്ങാമെന്നും വിജയകുമാർ നിർദ്ദേശിക്കുന്നു.