തുടർച്ചയായ മൂന്നാം ദിനത്തിലും നേട്ടം നിലനിർത്തി ബെഞ്ച്മാർക്ക് സൂചികകള്‍

  • മികച്ച നേട്ടത്തോടെ ഹീറോ മോട്ടോകോര്‍പ്പ്
  • എഫ്എംസിജിയും ഐടിയും ഇടിവില്‍
  • ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തില്‍

Update: 2024-01-11 10:20 GMT

ആഗോള തലത്തിലെയും ഏഷ്യന്‍ വിപണികളിലെയും പോസിറ്റിവ് പ്രവണതകളുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ മൂന്നാം സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും രാവിലെ ഉണ്ടായ നേട്ടത്തിന്‍റെ ഏറിയ പങ്കും വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളില്‍ കൈയൊഴിയപ്പെട്ടു.

സെന്‍സെക്സ് 63.47 പോയിന്‍റ് അഥവാ 0.09 ശതമാനം നേട്ടത്തോടെ 71,721.18ലും നിഫ്റ്റി 28.50 പോയിന്‍റ് അഥവാ 0.13 ശതമാനം കയറി 21,647.20ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.49 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.58 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.66 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.79 ശതമാനവും നേട്ടമുണ്ടാക്കി.

നിഫ്റ്റിയില്‍ ഓയില്‍- ഗ്യാസ് സൂചിക (1.48%) ഏറ്റവും വലിയ നേട്ടമുണ്ടാക്കി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടൊമൊബൈല്‍ സൂചികകളും 1 ശതമാനത്തിനു മുകളില്‍ കയറി. മീഡിയ സൂചികയാണ് (0.35%) വലിയ ഇടിവുണ്ടാക്കിയത്. മെറ്റല്‍, ഐടി, എഫ്‍എംസിജി, റിയാലിറ്റി എന്നിവയുടെ സൂചികകളും ഇടിവിലാണ്. 

ഇന്ന് നിഫ്റ്റി 50-യില്‍ ഹീറോ മോട്ടോകോര്‍പ്പ് (4.64%), ബജാജ് ഓട്ടൊ (3.42%), റിലയന്‍സ് (2.49%), ബിപിസിഎല്‍ (1.63%), ആക്സിസ് ബാങ്ക് (1.63%)  എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ യുനിലിവര്‍ (1.58%), ഡോ റെഡ്ഡിസ് ലാബ് (1.53%), എസ്ബിഐ ലൈഫ് (1.48%), വിപ്രൊ (1.11%), എല്‍ടി (1.09%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ജപ്പാന്‍റെ നിക്കി ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പി ഇടിവ് രേഖപ്പെടുത്തി. 

Tags:    

Similar News