സെബി നടപടി; കൂപ്പുകുത്തി ബിഎസ്ഇ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾക്ക് നഷ്ടമായത് 466 കോടി രൂപ
- ഡെറിവേറ്റീവ് കോൺട്രാക്ടുകൾ നിലവിൽ വന്നതുമുതൽ എക്സ്ചേഞ്ചുകൾ നൽകിയിരുന്ന തുക പ്രീമിയം മൂല്യത്തെ അടിസ്ഥാനമാക്കിയാണ്
- നിർദേശപ്രകാരം ബിഎസ്ഇ 165 കോടി രൂപ ഡിഫറൻഷ്യൽ ഫീസ് നൽകണം
- കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിൽ ഓഹരികൾ ഉയർന്നത് 411.63 ശതമാനത്തോളമാണ്
ഓപ്‌ഷൻ കരാറുകളുടെ 'നോഷണൽ മൂല്യത്തിൽ' നിന്ന് കണക്കാക്കിയ വാർഷിക വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ ഫീസ് നൽകാനുള്ള സെബിയുടെ നിർദ്ദേശത്തെ തുടർന്ന് ബിഎസ്ഇ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പ്രീമിയം മൂല്യത്തെ അടിസ്ഥാനമാക്കിയല്ല ഫീസ് അടക്കേണ്ടതെന്ന് സെബി വ്യക്തമാക്കി. ആദ്യഘട്ട വ്യപാരം മുതൽ ഇടിവിലായ ഓഹരികൾ 18 ശതമാനം വരെ താഴ്ന്നു. 2017-ൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവും കൂടിയാണിത്.
ബിഎസ്ഇയുടെ റെഗുലേറ്ററി ഫീസിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായതിനാൽ ഈ നീക്കം എക്സ്ചേഞ്ചിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കും. ഇക്കാരണം കൊണ്ട് നിക്ഷേപകർ ഓഹരികളിൽ പങ്കാളിത്തം കുറച്ചു. ഇതോടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ലേക്ക് ബിഎസ്ഇ നൽകാറുള്ള റെഗുലേറ്ററി ഫീസിൽ വർദ്ധനവുണ്ടാകും, പ്രീമിയം മൂല്യത്തേക്കാൾ നോഷണൽ മൂല്യം വളരെ കൂടുതലാണ്, കാരണം ഇത് കരാർ വലുപ്പത്തെ അടിസ്ഥാന വിലയുമായി ഗുണിച്ചാണ് കണക്കാക്കുന്നതാണ്.
ഇതുവരെ 1.06 കോടി ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ നടന്നത്. ഇത് ഒരു മാസത്തെ പ്രതിദിന ശരാശരി വ്യാപാരമായ 14 ലക്ഷം ഓഹരികളേക്കാൾ വളരെ കൂടുതലാണ്.
ബിഎസ്ഇ ഓഹരികൾ 13.31 ശതമാനം ഇടിഞ്ഞ് 2,783 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നൽകേണ്ട തുക 15% പലിശ സഹിതം
ഡെറിവേറ്റീവ് കോൺട്രാക്ടുകൾ നിലവിൽ വന്നതുമുതൽ എക്സ്ചേഞ്ചുകൾ നൽകിയിരുന്ന തുക പ്രീമിയം മൂല്യത്തെ അടിസ്ഥാനമാക്കിയാണ്. എന്നാൽ നൽകേണ്ടത് നോഷണൽ മൂല്യത്തെ അടിസ്ഥാനമാക്കിയാണ്. കഴിഞ്ഞ കാലയളവുകൾ ഉൾപ്പെടെയുള്ള ഇതുവരെ അടയ്‌ക്കാത്ത തുകയുടെ പ്രതിവർഷം 15 ശതമാനം ബാധകമായ പലിശ സഹിതം 30 ദിവസത്തിനുള്ളിൽ റെഗുലേറ്ററി ഫീസ് നൽകണമെന്ന് സെബി വ്യക്തമാക്കി.
നിർദേശപ്രകാരം ബിഎസ്ഇ 165 കോടി രൂപ ഡിഫറൻഷ്യൽ ഫീസ് നൽകണം. 2007 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ 69 കോടി രൂപയും 2024 സാമ്പത്തിക വർഷത്തിലെ 96 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, എംസിഎക്‌സിനും 4.43 കോടി രൂപയുടെ ഡിഫറൻഷ്യൽ ഫീസ്ന നൽകാൻ സെബി നിർദ്ദേശം നൽകിയിട്ടുണ്ട്.
"പ്രസ്തുത തുക അടയ്‌ക്കേണ്ടതുണ്ടെന്ന് ഉറപ്പുവരുത്തിയാൽ, കഴിഞ്ഞ കാലയളവുകളിലെ മൊത്തം ഡിഫറൻഷ്യൽ സെബി റെഗുലേറ്ററി ഫീസ്, അതായത് 2006-07 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ ആയിരിക്കും. ഇത് ഏകദേശം 68.64 കോടി രൂപയും ജിഎസ്ടിയും 30.34 കോടി രൂപയുടെ പലിശയും ഉൾപ്പെടുന്നു" ബിഎസ്ഇ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
“2023-24 സാമ്പത്തിക വർഷത്തേക്കുള്ള സെബി റെഗുലേറ്ററി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 30 ആണ്. ഇതുവരെയുള്ള പ്രീമിയം (വിറ്റുവരവ്) അടിസ്ഥാനമാക്കിയുള്ള അടയ്‌ക്കേണ്ട തുകയായ 1.66 കോടി രൂപയും ജിഎസ്ടിയും കമ്പനി അടച്ചിട്ടുണ്ട്. ഈ വർഷത്തെ ഡിഫറൻഷ്യൽ സെബി റെഗുലേറ്ററി ഫീസ് അടയ്‌ക്കേണ്ടി വന്നാൽ ഏകദേശം 96.30 കോടി രൂപയും ജിഎസ്ടിയും നൽകണം,” ബിഎസ്ഇ പറഞ്ഞു.
മ്യൂച്വൽ ഫണ്ടുകൾക്ക് നഷ്ടമായത് 466 കോടി രൂപ
തുടക്ക വ്യാപാരത്തിൽ ബിഎസ്ഇ ഓഹരികൾ 12 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ മ്യൂച്വൽ ഫണ്ടുകൾക്ക് ഏകദേശം 406 കോടി രൂപയുടെ നഷ്ടമുണ്ടായി.
2024 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഇൻവെസ്‌കോ മ്യൂച്വൽ ഫണ്ടാണ് ഏറ്റവും കൂടുതൽ ബിഎസ്ഇ ഓഹരികൾ കൈവശം വച്ചിരിക്കുന്നു മ്യൂച്വൽ ഫണ്ട് ഹൗസ്. ഏകദേശം 738 കോടി രൂപ വിലമതിക്കുന്നു 23 ലക്ഷം ഓഹരികളാണീ ഇവരുടെ കൈവശമുള്ളത്. നിലവിലിത് 658 കോടി രൂപയായി ഇടിഞ്ഞു, 81 കോടിയിലധികം രൂപയുടെ നഷ്ടം. മോത്തിലാൽ ഓസ്വാൾ, ആക്സിസ്, കാനറ റോബെക്കോ എന്നിവർ തൊട്ടു പിന്നാലെയുണ്ട്. മോത്തിലാൽ ഓസ്വാൾ എംഎഫിന് 60 കോടിയും ആക്സിസ് എംഎഫിന് 58 കോടിയും കാനറ റൊബെക്കോ എംഎഫിന് 48 കോടിയും നഷ്ടമായി.
മാർച്ചിലെ കണക്കനുസരിച്ച്, 27 മ്യൂച്വൽ ഫണ്ടുകൾക്കാണ് ബിഎസ്ഇ ഓഹരികളിൽ നിക്ഷേപമുള്ളത്. ഇത് ഏകദേശം 3304 കോടി രൂപയിലധികം വിലമതിക്കുന്നു. 1.16 കോടി ഓഹരികളാണ്.
ഇടിവിൽ ആഘാതമേറ്റ എൽഐസി
ബിഎസ്ഇ യിൽ എൽഐസി 5.6 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഏകദേശം 75.77 ലക്ഷം ഓഹരികൾ. ഓഹരികൾ കൂപ്പുകുത്തിയതിനു പിന്നാലെ എൽഐസിക്ക് നഷ്ടമായത് ഏകദേശം 266 കോടി രൂപയാണ്. നിലവിലെ എൽഐസിയിലെ ബിഎസ്ഇ ഓഹരികളുടെ മൂല്യം 2,166 കോടി രൂപയാണ്.
പ്രമുഖ നിക്ഷേപകനായ മുകുൾ അഗർവാളിൻ്റെ ആസ്തിയിൽ 70 കോടി രൂപയുടെ ഇടിവുണ്ടായി. ബിഎസ്ഇ യിൽ 1.48 ശതമാനം ഓഹരി പങ്കാളിത്തമാണ് അഗർവാളിനല്ലത്. ഏകദേശം 572 കോടി രൂപ വിലമതിക്കുന്ന 20 ലക്ഷത്തോളം ഓഹരികൾ അദ്ദേഹത്തിനുണ്ട്.
ബ്യൂമർക് കോർപ്പറേഷൻ, ഡിഐഎഫ്‌സി എന്നിവയുടെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് നഷ്ടമായത് 167 കോടി രൂപ. ബിഎസ്ഇ യിൽ 3.52 ശതമാനം ഓഹരി പങ്കാളിത്തം ബാലചന്ദ്രനുണ്ട്, 1,360 കോടി രൂപ മൂല്യമുള്ള 47.6 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിനുള്ളത്.
ഇൻഫോസിസ് സഹസ്ഥാപകനായ എസ് ഗോപാലകൃഷ്ണൻ ബിഎസ്ഇയുടെ 1.18 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. 455 കോടി രൂപയുടെ 15.93 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിനുള്ളത്. ഓഹരികളുടെ ഇടിവിൽ ഏകദേശം 56 കോടി രൂപയുടെ നഷ്ടം നേരിട്ടു.
ഓഹരികളുടെ പ്രകടനം
കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിൽ ഓഹരികൾ ഉയർന്നത് 411.63 ശതമാനത്തോളമാണ്. മുൻ മാസത്തിൽ ഓഹരികൾ നൽകിയത് ഒരു ശതമാനം നേട്ടമാണ്. ആറ് മാസ കാലയളവിൽ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത് മികച്ച നേട്ടമായിരുന്നു. ഈ കാലയളവിൽ ഓഹരികൾ ഉയർന്നത് 42.16 ശതമാനം. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 22.46 ശതമാനമാണ്. ഇത് ഈ സാമ്പത്തിക വർഷത്തിൽ ഓഹരിയുടെ കുതിപ്പിനുള്ള ആക്കം കൂട്ടിയിരുന്നു.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല