ആര്‍ബിഐ നയം, പിഎംഐ കണക്കുകള്‍; ഈയാഴ്ച വിപണിയെ കാത്തിരിക്കുന്നത്
- ഡോളര്‍ സൂചിക താഴോട്ടിറങ്ങുന്നത് ഇന്ത്യന്‍ ഓഹരിവിപണിയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് ഗുണകരം
- ഫെഡ് റിസര്‍വ് അംഗങ്ങള്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കും
- ഒപെക് രാഷ്ട്രങ്ങള്‍ ഈയാഴ്ച യോഗം ചേരുന്നു
കയറ്റിറക്കങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ വാരമാണ് ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ കടന്നുപോയത്. വ്യാഴാഴ്ച 1 ശതമാനത്തോളം ഇടിവ് പ്രകടമാക്കിയ വിപണി വെള്ളിയാഴ്ച തിരിച്ചുവരവ് പ്രകടമാക്കി. മുന്‍ വാരത്തിലെ ക്ലോസിംഗിനെ അപേക്ഷിച്ച് നിഫ്റ്റി 0.18 ശതമാനം താഴ്ന്ന് 19,638ലും സെൻസെക്‌സ് 0.27 ശതമാനം ഇടിഞ്ഞ് 65,828ലുമാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്.
വിവിധ സെക്റ്ററുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, നിഫ്റ്റി റിയൽറ്റി (2.4 ശതമാനം ഉയർന്നു), നിഫ്റ്റി ഫാർമ (2.3 ശതമാനം ഉയർന്നു) എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐടി (3.5 ശതമാനം ഇടിവ്), കൺസ്യൂമർ ഡ്യൂറബിൾസ് (1.4 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തിലായി.
സെപ്റ്റംബറിലെ മാനുഫാക്ചറിംഗ്- സേവന മേഖലകളുടെ പ്രകടനം, വാഹന വില്‍പ്പനയുടെ കണക്ക്, ആര്‍ബിഐ നയപ്രഖ്യാപനം, ക്രൂഡ് വിലയുടെ മുന്നോട്ടുപോക്ക്, യുഎസ് ഫെഡ് റിസര്‍വ് അംഗങ്ങളുടെ ചര്‍ച്ചകള്‍ എന്നിവയെല്ലാമാണ് ഈയാഴ്ച വിപണികളെ സ്വാധീനിക്കാനിടയുള്ള പ്രധാന സംഭവവികാസങ്ങള്‍.
ആര്‍ബിഐ നയം
റിസർവ് ബാങ്ക് തുടർച്ചയായ നാലാം ധനനയ അവലോകന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യത. റീട്ടെയിൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഉയര്‍ന്ന പലിശ നിരക്കുകളില്‍ ഇളവ് വരുത്തുന്നതിലേക്ക് നീങ്ങുന്നതിന് കേന്ദ്ര ബാങ്ക് കൂടുതല്‍ സമയമെടുത്തേക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ജൂലെെയിലും ഓഗസ്റ്റിലും റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം.
2023 ഫെബ്രുവരി 8ന് റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയതിനുശേഷം നിരക്ക് അതേ നിലയില്‍ തുടരുകയാണ്. റിസർവ് ബാങ്ക് ഗവർണറുടെ നേതൃത്വത്തിൽ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം 2023 ഒക്ടോബർ 4 മുതൽ 6 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
സെപ്റ്റംബറിലെ കണക്കുകള്‍
ഒക്ടോബറിലെ ആദ്യ ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന സെപ്റ്റംബറിലെ വാഹന വിൽപ്പന നമ്പറുകളോടാണ് പുതിയ വാരത്തിന്‍റെ തുടക്കത്തില്‍ വിപണി ആദ്യം പ്രതികരിക്കുക. ഉല്‍സവ സീസണിന് മുന്നോടിയായി രാജ്യത്തെ വാഹന വിപണിയുടെ വികാരം ഏതുതരത്തിലാണ് എന്നത് നിക്ഷേപകരെ പൊതുവില്‍ സ്വാധീനിക്കും.
സെപ്റ്റംബറിലെ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ കണക്ക് ഒക്ടോബർ 3ന് പുറത്തിറങ്ങും. മുന്‍ മാസത്തെ 58.6 ൽ നിന്ന് മാനുഫാക്ചറിംഗ് പിഎംഐ 57 ആയി കുറയുമെന്നാണ് പൊതുവില്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒക്‌ടോബർ 5-ന് സേവന മേഖലയുടെ പിഎംഐ പുറത്തുവരും. ഓഗസ്റ്റിലെ 60.1ൽ നിന്ന് 59 ആയി സേവന പിഎംഐ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
പിഎംഐ നമ്പറുകള്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും കുറയുകയാണെങ്കിലും മാനുഫാക്ചറിംഗ്, സേവന മേഖലകളിലെ ശക്തമായ വളര്‍ച്ച തുടരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫെഡ് റിസര്‍വ് ചര്‍ച്ചകള്‍
വരുന്ന ആഴ്‌ചയിൽ, യുഎസ് ഫെഡ് റിസര്‍വ് അംഗങ്ങൾ ഔദ്യോഗികമായി പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ 2 ന്, ഫെഡറൽ ചെയർ ജെറോം പവലും പാട്രിക് ഹാർക്കറും പെൻസിൽവാനിയയിലെ ബിസിനസ്സ് ഉടമകളുമായി ഒരു റൗണ്ട് ടേബിൾ ടോക്കിൽ പങ്കെടുക്കും. ഫെഡ് അംഗങ്ങളായ വില്യംസും മെസ്റ്ററും തിങ്കളാഴ്ച പ്രത്യേക പരിപാടികളിൽ സംസാരിക്കും.
ബുധനാഴ്ച, മറ്റൊരു ഫെഡ് അംഗമായ ബൗമാൻ ഒരു ബാങ്കിംഗ് കോൺഫറൻസിൽ സംസാരിക്കും. വ്യാഴാഴ്ച, ചിക്കാഗോ പേയ്‌മെന്റ് ഇവന്റിലും ഡാലി ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബ്ബിലും മെസ്റ്റർ സംസാരിക്കും.
ഫെഡ് പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമായ, വ്യക്തിഗത ഉപഭോക്തൃ ചെലവിടല്‍ ഓഗസ്റ്റില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ സമ്മേളനങ്ങള്‍ നടക്കുന്നത്. ജൂലൈയില്‍ ഉപഭോക്തൃ ചെലവിടല്‍ 0.2 ശതമാനം വര്‍ധിച്ചിരുന്നുവെങ്കില്‍ ഓഗസ്റ്റിലത് 0.1 ശതമാനമായി കുറഞ്ഞു. 2020 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്.
ക്രൂഡ് ഓയിലിന്‍റെ പോക്ക്
ബ്രെന്റ് നവംബർ ഫ്യൂച്ചറുകൾ കഴിഞ്ഞയാഴ്ച ഏകദേശം 2.2 ശതമാനം ഉയർന്ന് ബാരലിന് 95.31 ഡോളറില്‍ എത്തി. മൂന്നാം പാദത്തിൽ 27 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) ആഴ്ചയിൽ 1 ശതമാനവും പാദത്തിൽ 29 ശതമാനവും ഉയർന്നു.
ഒക്ടോബർ 4 ന് ചേരുന്ന ഒപെക് യോഗം ക്രൂഡ് ഓയിൽ വിലയുടെ പാത സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. നിലവിലെ വിതരണ നിയന്ത്രണ നയങ്ങള്‍ ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ തുടരാനാണ് സാധ്യത.
"എണ്ണ വിലക്കയറ്റം കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ക്രൂഡ് 90 ഡോളര്‍ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, അത് പണപ്പെരുപ്പത്തിനും പ്രവർത്തന മാർജിനുകളിലെ തിരിച്ചടിക്കും കാരണമാകും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍
കഴിഞ്ഞ ആഴ്ചയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‍ഐഐ) 8430.77 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 8143.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മൊത്തത്തിൽ, എഫ്‌ഐഐകൾ സെപ്തംബർ മാസത്തിൽ 26,692.16 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റപ്പോൾ ഡിഐഐകൾ 20,312.65 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. ഡോളർ സൂചിക ഉയര്‍ന്ന തലത്തില്‍ നിന്ന് താഴോട്ടേക്ക് വരുന്ന പശ്ചാത്തലത്തില്‍ ഈ പ്രവണത എങ്ങനെ മുന്നോട്ടുപോകും എന്ന് നിക്ഷേപകര്‍ ഉറ്റുനോക്കുന്നു. ദുർബലമായ ഡോളർ സൂചിക സാധാരണയായി ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിലെ വിദേശ നിക്ഷേപത്തിന്റെ വർധനയ്ക്ക് കാരണമാകുന്നതാണ്.