ചരിത്രം രചിച്ച് ആഭ്യന്തര വിപണി; 22,900 താണ്ടി നിഫ്റ്റി, സെൻസെക്സ് കുതിച്ചത് 1.61%
- ആർബിഐയുടെ റെക്കോർഡ് ഡിവിഡൻ്റ് പേഔട്ടും വിപണിക്ക് ഉണർവേകി
- നിഫ്റ്റിയിൽ മെറ്റലും ഫാർമയും ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഉയർന്ന് ബാരലിന് 82.17 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുത്തൻ റെക്കോഡിൽ. തുടർച്ചയായി ആറാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയുന്നത്. ബാങ്കിംഗ്, ഓയിൽ, ഓട്ടോ ഓഹരികളിലെ വമ്പിച്ച വാങ്ങൽ സൂചികകൾക്ക് കരുത്തേകി. ആർബിഐയുടെ റെക്കോർഡ് ഡിവിഡൻ്റ് പേഔട്ടും വിപണിക്ക് ഉണർവേകി.
നിഫ്റ്റി മുൻ ദിവസത്തെ ക്ലോസിംഗായ 22,597.80ന് എതിരെ 22,614.10 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സൂചിക വ്യാപാര സെഷനിൽ 1.8 ശതമാനം ഉയർന്ന് 22,993.60 എന്ന റെക്കോർഡ് ഉയരത്തിലെത്തി. സൂചിക 370 പോയിൻ്റ് അഥവാ 1.64 ശതമാനം ഉയർന്ന് 22,967.65 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികയിൽ 44 ഓഹരികൾ പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ 6 ഓഹരികൾ മാത്രമാണ് ചുവപ്പണിഞ്ഞത്.
സെൻസെക്സ് മുൻ ദിവസത്തെ ക്ലോസിംഗായ 74,221.06ന് എതിരെ 74,253.53 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാര സെഷനിൽ 1.7 ശതമാനം ഉയർന്ന് 75,499.91 എന്ന പുതിയ റെക്കോർഡിലെത്തി. സൂചിക 1197 പോയിൻ്റ് അഥവാ 1.61 ശതമാനം ഉയർന്ന് 75,418.04 ലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ 27 ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.
അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ആക്‌സിസ് ബാങ്ക്, എൽ ആൻഡ് ടി, എം ആൻഡ് എം എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഹിൻഡാൽകോ, കോൾ ഇന്ത്യ, എൻടിപിസി എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും സെഷനിൽ യഥാക്രമം 43,442.47, 48,229.33 എന്നിങ്ങനെ പുതിയ റെക്കോർഡ് ഉയരത്തിലെത്തി.
നിഫ്റ്റിയിൽ മെറ്റലും ഫാർമയും ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 2 ശതമാനം വീതം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്ത വിപണി മൂല്യം മുൻ ദിവസത്തെ 416 ലക്ഷം കോടി രൂപയിൽ നിന്ന് 420 ലക്ഷം കോടി രൂപയായി ഉയർന്നു, ഒറ്റ ദിവസം കൊണ്ട് നിക്ഷേപ സമ്പത് ഉയർന്നത് 4 ലക്ഷം കോടി രൂപയോളമാണ്.
മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് 2.1 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം നൽകും. ബുധനാഴ്ച ചേർന്ന ആർബിഐ ബോർഡ് 608-ാമത് യോഗത്തിൽ മിച്ചം കൈമാറ്റം ചെയ്യാൻ അനുമതി നൽകിയതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ മിക്കതും പച്ചിയിലാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് ചുവ്വപ്പിലാണ്.
ബുദ്ധ പൗർണമിയെ തുടർന്ന് ഫോറെക്സ് വിപണിക്ക് ഇന്ന് അവധിയാണ്. സ്വർണം ട്രോയ് ഔൺസിന് 1.03 ശതമാന താഴ്ന്ന് 2368 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഉയർന്ന് ബാരലിന് 82.17 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 686.04 കോടി രൂപയുടെ ഓഹരികൾ വിറ്റു.
സെൻസെക്സ് 267.75 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 74,221.06 ലും നിഫ്റ്റി 68.75 പോയിൻ്റ് അഥവാ 0.31 ശതമാനം ഉയർന്ന് 22,597.80 ലുമാണ് ബുധനാഴ്‌ച ക്ലോസ് ചെയ്തത്.