മൂന്നാം നാളും വിപണി ഇടിവിൽ; വില്പന തുടർന്ന് എഫ്ഐഐകൾ

  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • ഫാർമ ഒഴികെയുള്ള എല്ലാ സെക്‌ടറൽ സൂചികകളും നഷ്ടത്തിൽ
  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു

Update: 2024-12-18 12:02 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. ഉയർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ ബാധിച്ചു. നിക്ഷേപകർ ഫെഡ്ഡ് നിരക്ക് തീരുമാനത്തിന്ന് മുമ്പേ ജാഗ്രത പുലർത്തിയത് വിപണിയെ നഷ്ടത്തിലോട്ട് നയിച്ചു. 

സെൻസെക്‌സ് 502.25 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 80,182.20 ലും  നിഫ്റ്റി 137.15 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,198.85ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, എൻടിപിസി, അദാനി പോർട്ട്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ലാർസൺ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ് ഓഹരികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ് ഓഹരികൾ നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.

നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ സെക്‌ടറൽ സൂചികകളും നഷ്ടത്തോടെയാണ് അവസാനിച്ചത്. നിഫ്റ്റി ഓട്ടോ, എനർജി, പിഎസ്‌യു ബാങ്ക്, മെറ്റൽ, മീഡിയ, റിയാലിറ്റി സൂചികകൾ 0.5-2 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിൽ അവസാനിച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 6,409.86 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ബ്രെൻ്റ് ക്രൂഡ് 0.48 ശതമാനം ഉയർന്ന് ബാരലിന് 73.67 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 84.94ൽ എത്തി.

Tags:    

Similar News