കരുത്തായി ഐടിയും ഓട്ടോയും; നേട്ടത്തോടെ അവസാനിച്ച് വിപണി

  • സ്വർണം ട്രോയ് ഔൺസിന് 0.24 ശതമാനം ഉയർന്ന് 2724 ഡോളറിലെത്തി
  • ഡീലർമാർ വില ഉയർത്തിയതോടെ സിമൻ്റ് ഓഹരികൾ ശ്രദ്ധ നേടി
  • ബ്രെൻ്റ് ക്രൂഡ് 0.98 ശതമാനം ഉയർന്ന് ബാരലിന് 72.90 ഡോളറിലെത്തി

Update: 2024-12-11 12:17 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 16.09 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 81,526.14ൽ ക്ലോസ് ചെയ്തു. മൂന്ന് ദിവസത്തെ നഷ്ടം ഇടിവിന് ശേഷം നിഫ്റ്റി 31.75 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 24,641.80 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിൻ്റ്‌സ്, അൾട്രാടെക് സിമൻ്റ്, ഇൻഫോസിസ്, മാരുതി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്‌സ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ഇടിവോടെ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികകൾ

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി, ഓട്ടോ, എഫ്എംസിജി സൂചികൾ നേട്ടമുണ്ടാക്കി. ഇൻഫോസിസിൻ്റെയും എൽടിഐ മൈൻഡ്ട്രീയുടെയും നേട്ടത്തെത്തുടർന്ന് ഐടി സൂചിക 0.3 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ സൂചിക 0.4 ശതമാനം ഉയർന്നു. ബ്രിട്ടാനിയ, മാരിക്കോ, നെസ്‌ലെ എന്നിവയുടെ നേട്ടത്തെ തുടർന്ന് നിഫ്റ്റി എഫ്എംസിജി സൂചിക 0.4 ശതമാനം ഉയർന്നു.

ഡീലർമാർ വില ഉയർത്തിയതോടെ സിമൻ്റ് ഓഹരികൾ ശ്രദ്ധ നേടി. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ്, ഉത്സവ സീസണിന് ശേഷമുള്ള മെച്ചപ്പെട്ട തൊഴിൽ ലഭ്യത, ഉയർന്ന അടിസ്ഥാന സൗകര്യ ഓർഡറുകൾ എന്നിവയാണ് വർദ്ധനവിന് കാരണമായത്. എസിസി, അംബുജ സിമൻ്റ്, ബിർള കോർപ്പറേഷൻ, ഡാൽമിയ ഭാരത്, ജെകെ സിമൻ്റ്, ജെകെ ലക്ഷ്മി സിമൻ്റ്, സ്റ്റാർ സിമൻ്റ് എന്നീ ഓഹരികൾ 0.5 ശതമാനം മുതൽ 4 ശതമാനം വരെ ഉയർന്നു.

ചൈനയുടെ സാമ്പത്തിക ലഘൂകരണത്തിൻ്റെ പ്രതീക്ഷകൾക്കിടയിൽ നിഫ്റ്റി മെറ്റൽ സൂചിക ഫ്ലാറ്റ് അവസാനിപ്പിച്ചെങ്കിലും ഇൻട്രാഡേയിൽ 1 ശതമാനത്തിലധികം ഉയർന്ന് ശ്രദ്ധ നേടിയിരുന്നു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, സിയോൾ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്‌തപ്പോൾ ഹോങ്കോംഗ് ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.98 ശതമാനം ഉയർന്ന് ബാരലിന് 72.90 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,285.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.84ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 0.24 ശതമാനം ഉയർന്ന് 2724 ഡോളറിലെത്തി.

Tags:    

Similar News