സർവകാല റെക്കോഡിൽ ഐആർഎഫ്‌സി; ഉയർന്നത് 18 ശതമാനം

  • ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 134.75 രൂപയിലെത്തി
  • 2021-ൽ 26 രൂപയ്ക്ക് വിപണിയിലെത്തിയതാണ് ഓഹരികൾ
  • ഒരു മാസത്തിനിടെ ഓഹരികൾ 27 ശതമാനം നേട്ടം നൽകി

Update: 2024-01-15 11:44 GMT

സർവകാല ഉയരം തൊട്ട് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ (ഐആർഎഫ്‌സി) ഓഹരികൾ. തുടക്ക വ്യാപാരത്തിൽ 18 ശതമാനം ഉയർന്ന ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 134.75 രൂപയിലെത്തി. 2021-ൽ 26 രൂപയ്ക്ക് വിപണിയിലെത്തിയ ഓഹരികൾ ഇതുവരെ ഉയർന്നത് 400 ശതമാനമാണ്. ഒരു മാസത്തിനിടെ ഓഹരികൾ 27 ശതമാനം നേട്ടം നൽകി.

ഈ മേഖലയിലേക്കുള്ള സർക്കാരിന്റെ ശ്രദ്ധ, മൂലധന കൂട്ടിച്ചേർക്കൽ, പ്രതീക്ഷിക്കുന്ന ശക്തമായ ഡിസംബർ പാദം എന്നിവയാണ് ഐആർഎഫ്‌സി ഓഹരികളുടെ മുന്നേറ്റത്തിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 7 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഐആർഎഫ്‌സി പോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണ് ഐആർഎഫ്‌സി. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഐആർഎഫ്‌സിയുടെ 260 കോടിയിലധികം ഓഹരികൾ വ്യാപാരത്തിനായി സ്വതന്ത്രമാക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ പറയുന്നു. ഐആർഎഫ്‌സിയുടെഏകദേശം 20 ശതമാനം ഓഹരികളുടെ ലോക്ക്-ഇൻ കാലയളവ് ജനുവരി 29-ന് അവസാനിക്കും. ഇതോടെ ഓഹരികൾ വ്യാപാരത്തിന് യോഗ്യമാകും.

നിലവിൽ ഐആർഎഫ്‌സി ഓഹരികൾ എൻഎസ്ഇ യിൽ  15.21 ശതമാനം ഉയർന്ന് 130.65 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News