ഇനി വാഗമണ്ണില്‍ കാണാം, രാജ്യത്തെ ഏറ്റവും നീണ്ട ക്യാന്‍റിലിവര്‍ കണ്ണാടിപ്പാലം
- ഒരു വശത്തു മാത്രം ഉറപ്പിച്ച് കാഴ്ചകളിലേക്ക് നീണ്ടു നില്‍ക്കുന്നവയാണ് ക്യാന്‍റിലിവര്‍ പാലങ്ങള്‍
- വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഈ ദൃശ്യാനുഭവം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിനു സ്വന്തം. വാഗമണ്ണില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും. വാഗമണ്ണിലെ കോലാഹലമേട്ടില്‍ ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മൂന്നുകോടി മുതല്‍ മുടക്കില്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഭാരത് മാത വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റിഡിനു കീഴിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് സഞ്ചാരികള്‍ക്കായി ഈ പുതിയ ദൃശ്യാനുഭവം ഒരുക്കിയത്.
ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ 120 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിലകൊള്ളുന്നത്. ഒരു വശത്തു മാത്രം ബന്ധിപ്പിക്കപ്പെട്ട തരത്തില്‍ സാഹസിക കാഴ്ചയ്ക്ക് ഉതകുന്ന തരത്തില്‍ സുരക്ഷിതമായി നിര്‍മിക്കപ്പെടുന്നവയാണ് ക്യാന്‍റിലിവര്‍ പാലങ്ങള്‍. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് പ്രവേശന ഫീസ്.
റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങിയ സാഹസിക, ഉല്ലാസ ഇനങ്ങളും വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ലഭ്യമാണ്.
ബീഹാറിലെ ക്യാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ആയിരുന്നു ഇതുവരെ നീളത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.