സൂചികകൾ വ്യാപാരം ആരംഭിച്ചത് റെക്കോർഡിൽ; വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
- തുടർന്നുള്ള വ്യാപാരത്തിൽ വിപണികൾ ഇടിവിലേക്ക് നീങ്ങി
- മിക്ക സെക്ടറൽ സൂചികകൾ ചുവപ്പണിഞ്ഞു.
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.42 ലെത്തി.
രണ്ട് ദിവസത്തെ ഇസിവിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് റെക്കോർഡ് നേട്ടത്തോടെ. സെൻസെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന ലെവലുകൾ താണ്ടി. സെൻസെക്‌സ് 497.06 പോയിൻ്റ് അഥവാ 0.67 ശതമാനം ഉയർന്ന് 74,373.88 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലും നിഫ്റ്റി 144.70 പോയിൻ്റ് അഥവാ 0.64 ശതമാനം ഉയർന്ന് 22,579.35 എന്ന റെക്കോർഡ് നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ വിപണികൾ ഇടിവിലേക്ക് നീങ്ങി. മിക്ക സെക്ടറൽ സൂചികകളും ചുവപ്പണിഞ്ഞു.
നിഫ്റ്റിയിൽ എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ദിവിസ് ലാബ്സ്, കോൾ ഇന്ത്യ, പവർഗ്രിഡ്, എൽടിഐ മൈൻഡ്ട്രീ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടത്തിലാണ് ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ്, ഓയിൽ & നാച്ചുറൽ ഗ്യാസ്, ഗ്രാസിം ഇൻഡസ്ട്രീസ്, സൺ ഫാർമ എന്നിവ ഇടിവിലാണ്.
"വരും ദിവസങ്ങളിൽ വിപണി ഏകീകരിക്കപ്പെടാം. പാദ ഫലങ്ങൾ വരാൻ തുടങ്ങുന്നതോടെ നിക്ഷേപകർ അവയോട് പ്രതികരിക്കാനുള്ള സാധ്യതകളാണ് ആഗോള, ആഭ്യന്തര സൂചനകൾ പ്രകടമാകുന്നത്. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ടെലികോം, സെലക്ട് ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ നിന്ന് വിപണി മികച്ച ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
യൂറോപ്യൻ വിപണികൾ ബുധനാഴ്‌ച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു. എസ് ആൻ്റ് പി 500, നാസ്ഡാക്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഡൗ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,213.56 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.37 ശതമാനം ഉയർന്ന് ബാരലിന് 88.68 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.42 ലെത്തി.
ബുധനാഴ്ച സെൻസെക്സ് 27.09 പോയിൻ്റ് അല്ലെങ്കിൽ 0.04 ശതമാനം ഇടിഞ്ഞ് 73,876.82 ലും നിഫ്റ്റി 18.65 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,434.65 ലുമാണ് ക്ലോസ് ചെയ്തത്.