തുടക്കത്തിലേ 1371 പോയിന്‍റ് ഇടിഞ്ഞ് സെന്‍സെക്സ്, നിഫ്റ്റിക്ക് 395 പോയിന്‍റ് നഷ്ടം

  • ബാങ്കിംഗ് ഓഹരികളില്‍ വലിയ ഇടിവ്
  • ഇന്നലെ പുറത്തുവന്ന മൂന്നാംപാദ ഫലങ്ങള്‍ നിക്ഷേപകര്‍ വിലയിരുത്തുന്നു
  • ആഗോള വിപണികളിലും നെഗറ്റിവ് പ്രവണത

Update: 2024-01-17 04:37 GMT

ആഗോള വിപണികളിലെ നെഗറ്റിവ് സൂചനകള്‍ ഏറ്റുവാങ്ങി ഇന്ന് തുടക്ക വ്യാപാരത്തില്‍ തന്നെ ബെഞ്ച്മാർക്ക് സൂചികകള്‍ ഇടിവിലേക്ക് നീങ്ങി. സെൻസെക്‌സ് 1,371.23 പോയിന്റ് ഇടിഞ്ഞ് 71,757.54 ലെത്തി. നിഫ്റ്റി 395.35 പോയിന്റ് ഉയർന്ന് 21,636.95 ൽ എത്തി. പിന്നീട് ഒരല്‍പ്പം കയറിയെങ്കിലും സൂചികകള്‍ കനത്ത ഇടിവില്‍ തന്നെ തുടരുകയാണ്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ എന്നിവയുടെ സൂചികകളാണ് നിഫ്റ്റിയില്‍ ഏറ്റവും വലിയ ഇടിവിലുള്ളത്.

ഇന്നലെ പുറത്തുവന്ന മൂന്നാംപാദ ഫലങ്ങള്‍ നിക്ഷേപകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും കനത്ത വില്‍പ്പനയ്ക്ക് വഴിവെച്ചു. മുന്‍ ദിവസങ്ങളിലെ റാലിയിലെ നേട്ടം സ്വന്തമാക്കാന്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങി. ഐടി, മീഡിയ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓയില്‍-ഗ്യാസ് തുടങ്ങിയവയുടെ സൂചികകള്‍ നേട്ടത്തിലാണ്. മറ്റെല്ലാ സൂചികകളും ഇടിവില്‍ തുടരുന്നു.

ചൊവ്വാഴ്ചത്തെ വ്യാപാരം മൂന്ന് പ്രമുഖ യുഎസ് വിപണികളും ഇടിവിലാണ് അവസാനിപ്പിച്ചിട്ടുള്ളത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് പ്രതീക്ഷിച്ചിരുന്ന വേഗത്തില്‍ ഉണ്ടാകില്ലെന്ന് ഫെഡ് റിസര്‍വ് അംഗങ്ങള്‍ തന്നെ പറഞ്ഞത് വിപണി വികാരത്തെ നെഗറ്റിവായി ബാധിച്ചു. യുഎസ് ട്രഷറി ആദായം 4 ശതമാനത്തിന് മുകളിലേക്ക് കയറുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട്. 

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ ഇടിവില്‍ തുടരുന്നു. ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ഓസ്ട്രേലിയ എഎസ്‍പി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവയെല്ലാം ഇടിവിലാണ്. ജപ്പാന്‍റെ നിക്കി നേട്ടത്തിലാണ്.

Tags:    

Similar News