റെക്കോഡ് വിലക്കരികില്‍ സ്വര്‍ണം

  • മേയ് 5ന് രേഖപ്പെടുത്തിയ റെക്കോഡ് വിലയ്ക്ക് 40 രൂപ മാത്രം താഴെയാണ് ഇന്നത്തെ സ്വർണ വില
  • ആഗോള തലത്തില്‍ സ്വര്‍ണം ഔണ്‍സിന് വില 2000 ഡോളറിനോട് അടുക്കുന്നു
  • വെള്ളിവിലയിലും ഇന്ന് രേഖപ്പെടുത്തിയത് വര്‍ധന

Update: 2023-10-26 05:20 GMT

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്ന് സര്‍വകാല റെക്കോഡ് വിലയ്ക്ക് അരികിലേക്ക് എത്തി.  ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 15 രൂപയുടെ വര്‍ധനയോടെ 5580 രൂപയാണ്. പവന് 120 രൂപയുടെ വര്‍ധനയോടെ പവന് 45440 രൂപയാണ് ഇന്നത്തെ വില. ഈ വര്‍ഷം മേയ് 5ന് 22 കാരറ്റ് സ്വര്‍ണ വില  ഗ്രാമിന് 5720 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. അതായത് 40 രൂപയിലധികം വര്‍ധന നിലവിലെ വിലയിലുണ്ടായാല്‍ പുതിയ റെക്കോഡ് വിലയിലേക്ക് സ്വര്‍ണം എത്തും. 

കഴിഞ്ഞ വാരത്തില്‍ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ മുന്നേറിയ സ്വര്‍ണവില ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയും തിങ്കളാഴ്ച ഇടിയുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയര്‍ത്തുന്നതാണ് ഈ മുന്നേറ്റത്തിന് കാരണം. 

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 16 രൂപയുടെ വര്‍ധനയോടെ 6196 രൂപയില്‍ എത്തി. പവന് 128 രൂപയുടെ വര്‍ധനയോടെ 49568 രൂപയാണ് വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിന്‍റെ പാതയിലായിരുന്നു.

ആഗോള തലത്തിലും സ്വര്‍ണം ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണ്. ഔണ്‍സിന് 1979-1990 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.

വെള്ളിവിലയില്‍ ഇന്ന് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 50 പൈസയുടെ വര്‍ധനയോടെ വെള്ളിവില 78 രൂപയിലെത്തി. ഇന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 83.13 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.

Tags:    

Similar News