അരങ്ങേറ്റം കുറിച്ച് ഗോ ഡിജിറ്റ് ഓഹരികൾ; കോലിക്ക് ലഭിച്ചത് 7 കോടിയുടെ നേട്ടം

  • വിരാട് കോഹ്ലി അനുഷ്ക ശർമ്മ ദമ്പതികൾക്ക് കമ്പനിയിൽ നിക്ഷേപമുണ്ട്
  • ഇഷ്യൂ വില 272 രൂപ, ലിസ്റ്റിംഗ് വില 286 രൂപ
  • ഇഷ്യൂവിലൂടെ കമ്പനി സമാഹരിച്ചത് 2,614.65 കോടി രൂപ

Update: 2024-05-23 06:30 GMT

ഇൻഷുറൻസ് കമ്പനിയായ ഗോ ഡിജിറ്റ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയിൽ നിന്നും 5.15 ശതമാനം പ്രീമിയതോടെയാണ് ഓഹരികൾ വിപണിയിലെത്തിയത്. ഇഷ്യൂ വില 272 രൂപ, ലിസ്റ്റിംഗ് വില 286 രൂപ. ഓഹരിയൊന്നിന് 14 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 2,614.65 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 1,125.00 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1,489.65 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പുതിയ ഓഹരികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിനും സോൾവൻസി ലെവലുകൾ നിലനിർത്തുന്നതിനും കമ്പനി ഉപയോഗിക്കും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) നിർദ്ദേശമനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ 150 ശതമാനം സോൾവൻസി റേഷ്യോ നിലനിർത്തേണ്ടതുണ്ട്.

കാമേഷ് ഗോയൽ, ഗോഡിജിറ്റ് ഇൻഫോ വർക്ക്സ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഒബെൻ വെഞ്ചേഴ്‌സ് എൽഎൽപി, എഫ്എഎൽ കോർപ്പറേഷൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

കോഹ്ലിക്ക് ലഭിച്ചത് 7 കോടിയുടെ നേട്ടം 

വിരാട് കോഹ്ലി അനുഷ്ക ശർമ്മ ദമ്പതികൾക്ക് കമ്പനിയിൽ മൊത്തം 2.5 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഓഹരികൾ വിപണിയിലെത്തിയതോടെ ദമ്പതികൾക്ക് ലഭിച്ചത് 271 ശതമാനം റിട്ടേൺ ആണ്. ദമ്പതികളുടെ മൊത്തം നിക്ഷേപമായ 2.5 കോടി രൂപ 9.25 കോടി രൂപയായി ഉയർന്നു. മൊത്തം 6.75 കോടി രൂപയുടെ നേട്ടം.

വിരാട് കോഹ്‌ലി 2020 ജനുവരിയിൽ ഒരു പ്രൈവറ്റ് പ്ലേസ്‌മെൻ്റ് വഴി ഓഹരിയൊന്നിന് 75 രൂപ നിരക്കിൽ 266,667 ഓഹരികൾ വാങ്ങിയിരുന്നു, അതിൽ അദ്ദേഹത്തിൻ്റെ മൊത്തം നിക്ഷേപം ഏകദേശം 2 കോടി രൂപയായിരുന്നു. അതേസമയം, ഓഹരിയൊന്നിന് 75 രൂപ നിരക്കിൽ കമ്പനിയുടെ 66,667 ഓഹരികളാണ് അനുഷ്‌ക ശർമ്മ വാങ്ങിയത്. ഇത് മൊത്തം 50 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു. 

കമ്പനിയെ കുറിച്ച്

2016 ഡിസംബറിൽ സ്ഥാപിതമായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ്, മറൈൻ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ നൽകുന്ന ഇൻഷുറൻസ് ദാതാവാണ്.

എല്ലാ ബിസിനസ് ലൈനുകളിലുമായി മൊത്തം 74 സജീവ ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനിക്ക് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണ കേന്ദ്രങ്ങളുണ്ട്. നിലവിൽ കമ്പനിക്ക് ഇന്ത്യയിലുടനീളം 75 ഓഫിസുകളുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റീസ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, ആക്സിസ് ക്യാപിറ്റൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്മെൻ്റ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

Tags:    

Similar News