നേട്ടം വിടാതെ ആഭ്യന്തര വിപണി; നിഫ്റ്റി പുതിയ ഉയരത്തിൽ
- ഏഷ്യൻ വിപണികളിൽ വീണ്ടും സമ്മിശ്ര വ്യപാരം
- ബ്രെന്റ് ക്രൂഡ് 0.47 ശതമാനം ഉയർന്ന് 82.73 ഡോളറിലെത്തി
- യുഎസ് വിപണി ചൊവ്വാഴ്ച നഷ്ടത്തിലാണ് വ്യാപാരം നിർത്തിയത്
ഏഷ്യൻ വിപണികൾക്കിടയിലെ സമ്മിശ്ര വ്യാപാരത്തിലും ആഭ്യന്തര വിപണിയുടെ തുടക്കം നേട്ടത്തിൽ. നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.1 ശതമാനം ഉയർന്ന് 22,218.60 പോയിൻ്റിലും സെൻസെക്‌സ് 60.05 പോയിൻ്റ് അഥാവാ 0.08 ശതമാനം ഉയർന്ന് 73,117.45 പോയിൻ്റിലെത്തി.
നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ (3.05%), ജെഎസ്ഡബ്ള്യു (2.76%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (2.15%), ഇൻഡസ് ഇൻഡ് ബാങ്ക് (1.36%), ഐസിഐസിഐ ബാങ്ക് (1.30%) നേട്ടം രേഖപെടുത്തിയപ്പോൾ ഹീറോ മോട്ടോർ കോർപ് (-1.57%), ഇൻഫോസിസ് (-1.37%), പവർ ഗ്രിഡ് (-1.29%),ഭരത് പെട്രോളിയം (-1.16%), എൻടിപിസി (-0.39%) നഷ്ടത്തിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി റിയൽറ്റി 2.55 ശതമാനം നേട്ടത്തിലാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നി ഓഹരികളുടെ മുന്നേറ്റത്തിൽ ബാങ്ക് നിഫ്റ്റി 0.5 ശതമാനം ഉയർന്നാണ് വ്യാപാരം ആരംഭിച്ചത്. സൂചിക 47,300 പോയിന്റും കടന്നു.
ഏഷ്യൻ വിപണികളിൽ വീണ്ടും സമ്മിശ്ര വ്യപാരം
എൻവിഡിഎയുടെ പാദഫലങ്ങളും കഴിഞ്ഞ ആഴ്ചയിലെ പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷമുള്ള പലിശ നിരക്ക് സംബന്ധിച്ച ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പുതിയ സൂചനകളും പ്രതീക്ഷിക്കുന്നതിനാൽ യുഎസ് വിപണി ചൊവ്വാഴ്ച നഷ്ടത്തിലാണ് വ്യാപാരം നിർത്തിയത്.
ചൊവ്വാഴ്ച, യൂറോപ്യൻ വിപണി ഫ്ലാറ്റായി ക്ലോസ് ചെയ്തു. തുടർച്ചയായ ആറാം ദിവസവും നേട്ടം തുടർന്ന സെൻസെക്സ് 349.24 പോയിൻ്റ് ഉയർന്ന് 73,057.40 പോയിൻ്റിലും നിഫ്റ്റി 74.70 പോയിൻ്റ് ഉയർന്ന് 22,196.95 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"എമേർജിങ് വിപണികളുടെ ആശങ്കയായ യുഎസ് ബോണ്ട് യീൽഡ് വർധനവ് ഇന്ത്യയെ ബാധിക്കുന്നില്ല, കാരണം എഫ്ഐഐകൾ അവരുടെ വിൽപ്പന കുറച്ച് വരികയാണ്. സുസ്ഥിരമായ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലും ഇതിനു കാരണമാണ്. ഇത് വിപണിയിൽ നടന്നുകൊണ്ടിരിക്കുന്ന റാലിക്ക് പ്രധാന പിന്തുണയും നൽകുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
സ്വർണം ട്രോയ് ഔൺസിന് 0.37 ശതമാനം ഉയർന്ന് 2,030.97 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.47 ശതമാനം ഉയർന്ന് 82.73 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 82.91 രൂപയിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച 1,335.51 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) അറ്റ വിൽപനക്കാരായി.