ആഗോള വിപണികളുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണി; ഇന്നും തുടക്കം ചുവപ്പിൽ തന്നെ

  • തുടർച്ചയായ രണ്ടാം ദിവസമാണ് വിപണികൾ ഇടിയുന്നത്
  • സ്വർണ വില സർവകാല ഉയരം തൊട്ടു
  • നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.4 ശതമാനം ഉയർന്നു

Update: 2024-04-03 05:00 GMT

ആഭ്യന്തര വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിൽ. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണികൾ ഇടിയുന്നത്.  ആഗോള വിപണികളിലെ ദുർബലമായ വ്യാപാരവും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും വിപണികളെ ഇടിവിലേക്ക് നയിച്ചു. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ഇടിവിന് ആക്കം കൂട്ടി. സെൻസെക്സ് 281.18 പോയിൻ്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 73,622.73 ലും നിഫ്റ്റി 93.15 പോയിൻ്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 22,360.15 ലുമെത്തി.

നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസ്, ടെക് മഹീന്ദ്ര, ഒഎൻജിസി, എച്ച്സിഎൽ, അൾട്രാ ടെക് സിമന്റ്സ്, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. നെസ്‌ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി എൻ്റർപ്രൈസസ് എന്നിവ ഇടിവിലാണ്.

സെക്ടറൽ സൂചികകൾ 

നിഫ്റ്റി റിയൽറ്റി സൂചിക തുടക്ക വ്യാപാരത്തിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.  സൂചിക എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിച്ചതിന് ശേഷം നിക്ഷേപകരുടെ ലാഭമെടുപ്പിൽ  ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചികയും ഇടിവിലാണ്. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ 0.6 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഐടി സൂചിക ഉയർന്നു.

നിഫ്റ്റി മിഡ്‌ക്യാപ് 100 ഇടിവിലാണ്. നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.4 ശതമാനം ഉയർന്നു. 

ആഭ്യന്തര വിപണി 

യുഎസിലെ ബോണ്ട് വരുമാനം ഉയരുന്നത് വിപണികളെ ബാധിക്കുന്നതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "ജൂലൈയിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ഇപ്പോൾ മങ്ങുകയാണെന്ന്, തൊഴിൽ വിപണി പ്രതിസന്ധിയിൽ തുടരുകയും ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് ഭയം നൽകുന്നു". അദ്ദേഹം പറഞ്ഞു.

ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്, ജപ്പാനിലെ നിക്കേ 225 എന്നിവ യഥാക്രമം 0.78 ശതമാനവും 0.68 ശതമാനവും നഷ്ടത്തിലാണ്. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.24 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. യുഎസ്, യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച വലിയ ഇടിവ് നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,622.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഉയർന്ന് ബാരലിന് 88.99 ഡോളറിലെത്തി. സ്വർണ വില സർവകാല ഉയരം തൊട്ടു, ട്രോയ് ഔൺസിന് 1.07 ശതമാനം ഉയർന്ന് 2306.30 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.36 ലെത്തി.

ചൊവ്വാഴ്ച, സെൻസെക്സ് 110.64 പോയിൻ്റ് അല്ലെങ്കിൽ 0.15 ശതമാനം ഇടിഞ്ഞ് 73,903.91 ലും നിഫ്റ്റി 8.70 പോയിൻ്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 22,453.30 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News