കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; 23,000 കടന്ന് നിഫ്റ്റി
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 4,670.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി
- സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന ലെവലായ 75,582.28 ലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.18 ലെത്തി
ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് നേരിയ ഇടിവോടെ. തുടക്കത്തിൽ സെൻസെക്‌സ് 128.06 പോയിൻ്റ് താഴ്ന്ന് 75,289.98ലും നിഫ്റ്റി 39.25 പോയിൻ്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 22,928.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ സൂചികകകൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സെൻസെക്‌സ് 164.24 പോയിൻ്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 75,582.28 ലെത്തി. നിഫ്റ്റി 36.4 പോയിൻറ് ഉയർന്ന് ആദ്യമായി 23,000 എന്ന കടമ്പയും കടന്നു. കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകർ അറ്റ വാങ്ങൽ രേഖപ്പെടുത്തിയത് സൂചികകൾക്ക് താങ്ങായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തുടർന്ന് കൊണ്ടിരുന്ന വില്പനയ്ക്ക് ശേഷം വ്യാഴാഴ്ച 4,670.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ദിവിസ് ലാബ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ലാർസൻ ആൻഡ് ടൂബ്രോ, വിപ്രോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, ശ്രീറാം ഫിനാൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു. സമീപകാല അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 21 ലെവലിലേക്ക് നേരിയ തോതിൽ ഉയർന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.18 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.12 ശതമാനം താഴ്ന്ന് 2334 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.05 ശതമാനം ഉയർന്ന് ബാരലിന് 81.40 ഡോളറിലെത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യു എസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.
വ്യാഴാഴ്ച സെൻസെക്സ് 1,196.98 പോയിൻ്റ് അഥവാ 1.61 ശതമാനം ഉയർന്ന് 75,418.04 ലും നിഫ്റ്റി 369.85 പോയിൻ്റ് അഥവാ 1.64 ശതമാനം ഉയർന്ന് 22,967.65 ലുമാണ് ക്ലോസ് ചെയ്തത്.