ചുവപ്പണിഞ്ഞ് വിപണി; 6 ദിവസത്തെ കുതിപ്പിന് വിരാമം
- നേട്ടം നിലനിത്താനാവാതെ നിഫ്റ്റി
- ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 82.96ൽ എത്തി
ആറ് ദിവസത്തെ കുതിപ്പിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. തുടക്ക വ്യാപാരത്തിൽ പുതിയ റെക്കോർഡിലെത്തിയ നിഫ്റ്റിക്ക് നേട്ടം നിലനിർത്താനായില്ല.
സെൻസെക്സ് 434.31 പോയൻ്റ് അഥവാ 0.59 ശതമാനം താഴ്ന്ന് 72,623.09ലും നിഫ്റ്റി 142.00 പോയൻ്റ് അഥവാ 0.64 ശതമാനം താഴ്ന്ന് 22,055 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഏകദേശം 1227 ഓഹരികൾ നേട്ടത്തിലായപ്പോൾ 2078 ഓഹരികൾ ഇടിഞ്ഞു, 69 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ (2.09%), എസ്ബിഐ (1.45%), ജെഎസ്ഡബ്ല്യു സ്റ്റീൽ (0.61%), ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (0.56%), ഇൻഡസ്ഇൻഡ് ബാങ്ക് (0.72%) നേട്ടം നൽകിയപ്പോൾ ബിപിസിഎൽ (-3.62%), കോൾ ഇന്ത്യ (-2.82%), ഹീറോ മോട്ടോകോർപ്പ് (-2.67%), പവർ ഗ്രിഡ് കോർപ് (-2.78%), എൻടിപിസി (-2.91%) എന്നിവ ഇടിവിൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികയിൽ റിയൽറ്റിയും പൊതുമേഖലാ ബാങ്കും എഫ്എംസിജിയും ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിനോട് അനുബന്ധിച്ച് ആഗോള വിപണികളിൽ ജാഗ്രതയോടെയാണ് വ്യാപാരം നടന്നത്. അതേസമയം നയപരമായ ഇടപെടലുകൾ കൊണ്ട് ചൈനീസ് വിപണികൾ നേട്ടത്തിലായി.
ബ്രെൻ്റ് ക്രൂഡ് ബാരലിന് 0.68 ശതമാനം ഇടിഞ്ഞ് 81.78 ഡോളറായി. സ്വർണം ട്രോയ് ഔൺസിന് 0.02 ശതമാനം ഇടിവിൽ 2039.30 ഡോളറിലെത്തി.യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 82.96ൽ എത്തി
യൂറോപ്യൻ വിപണികൾ ഇടിവിൽ വ്യാപാരം തുടരുമ്പോൾ ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരമാണ് കണ്ടത്. ചൊവ്വാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരുന്നത്.
മുൻ ദിവസം സെൻസെക്‌സ് തുടർച്ചയായ ആറാം സെഷനിലും മുന്നേറ്റം നടത്തി 349.24 പോയിൻ്റ് ഉയർന്ന് 73,057.40 പോയിൻ്റിലും നിഫ്റ്റി 74.70 പോയിൻ്റ് ഉയർന്ന് 22,196.95 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച 1,335.51 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) അറ്റ വില്പനക്കാരായി.