ആഭ്യന്തര സൂചികകൾ താണ്ടിയത് പുതിയ ഉയരങ്ങൾ; 22,600 കടന്ന് നിഫ്റ്റി
- റിലയൻസ് ഓഹരികളുടെ വാങ്ങലും കുതിപ്പിനുള്ള ആക്കം കൂട്ടി
- മിഡ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.23 ലെത്തി
തുടക്ക വ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ താണ്ടിയത് പുതിയ ഉയരങ്ങൾ. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരവും വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. റിലയൻസ് ഓഹരികളുടെ വാങ്ങലും കുതിപ്പിനുള്ള ആക്കം കൂട്ടി. സെൻസെക്‌സ് 307.22 പോയിൻ്റ് ഉയർന്ന് 74,555.44 ലും നിഫ്റ്റി 79.6 പോയിൻ്റ് ഉയർന്ന് 22,593.30 ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 22,623.90 ലേക്കും സെൻസെക്സ് 74,658.95 എന്ന പുതിയ റെക്കോർഡ് ഉയരത്തിലുമെത്തി.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യുമർ, ഭാരത് പെട്രോളിയം, മാരുതി സുസുക്കി എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. അദാനി പോർട്സ്, അപ്പോളോ ഹോസ്പിറ്റൽസ്, വിപ്രോ, അദാനി എന്റർപ്രൈസസ്, ടൈറ്റാൻ കമ്പനി എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി റിയൽറ്റി, എനർജി, ഓട്ടോ, മെറ്റൽ സൂചികകൾ നേട്ടത്തിലാണ്. നിഫ്റ്റി ഐടി, പി എസ് യു സൂചികകൾ ഇടിവിലാണ്. മിഡ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നേട്ടത്തോടെ വ്യാപാരം തുടരുന്നു. ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. വെള്ളിയാഴ്ച യു എസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,659.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
“ഫെഡിൻ്റെ നിരക്ക് കുറയ്ക്കൽ പ്രഖ്യാപനങ്ങളെക്കാൾ ഇന്ത്യയിലെ നാലാം പാദ ഫലങ്ങൾക്കാണ് നിക്ഷേപകർ മുൻഗണന നൽകുന്നത്. അതിനാൽ, ദലാൽ സ്ട്രീറ്റിൽ ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നു,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 1.61 ശതമാനം ഇടിഞ്ഞ് ബാരലിന് 89.71 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.60 ശതമാനം ഉയർന്ന് 2360 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.23 ലെത്തി.