നിഫ്റ്റി ബാങ്ക് സൂചിക താണ്ടിയത് പുതു ഉയരം; 74,500 കടന്ന് സെൻസെക്സ്
- ബാങ്കിംഗ്, ഇൻഫ്രാ മേഖലയിലെ ഓഹരികളുടെ വാങ്ങൽ സൂചികകൾക്ക് താങ്ങായി
- റിയാലിറ്റി ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ
- ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 83.48 ലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ബാങ്കിംഗ്, ഇൻഫ്രാ മേഖലയിലെ ഓഹരികളുടെ വാങ്ങൽ വിപണിക്ക് താങ്ങായി. ആഗോള വിപണികളിലെ കുതിപ്പും സൂചികകൾക്ക് കരുത്തേകി. സെൻസെക്സ് 941 പോയിൻ്റ് കുത്തനെ ഉയർന്നു. നിഫ്റ്റി 22,600 ലെവലിനു മുകളിലും ക്ലോസ് ചെയ്തു.
സെൻസെക്സ് 941.12 പോയിൻ്റ് അഥവാ 1.28 ശതമാനം ഉയർന്ന് 74,671.28 ലും നിഫ്റ്റി 223.45 പോയിൻ്റ് അഥവാ ഒരു ശതമാനം ഉയർന്ന് 22,643.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, അൾട്രാടെക് സിമൻ്റ്, ആക്സിസ് ബാങ്ക് എന്നിവ നിഫ്റ്റിയിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, എച്ച്സിഎൽടെക്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ലൈഫ്, എൽടിഐ മൈൻഡ് ട്രീ എന്നീ ഓഹരികൾ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
റിയാലിറ്റി ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ഹെൽത്ത് കെയർ, മെറ്റൽ, പവർ, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.4 മുതൽ രണ്ട് ശതമാനം വരെ നേട്ടം നൽകി. നിഫ്റ്റി ബാങ്ക് 2023 ഡിസംബർ 4 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടം രേഖപ്പെടുത്തി. സൂചിക 2.5 ശതമാനം ഉയർന്ന് 49,473.60 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി മിഡ്ക്യാപ്, പിഎസ്യു ബാങ്ക് സൂചികകളും പുതിയ ഉയരങ്ങളിലെത്തി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം ഉയർന്നു, സ്മോൾക്യാപ് സൂചിക ഫ്ലാറ്റായി ക്ലോസ് ചെയ്തു..
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്. യുഎസ് വിപണികൾ നേട്ടത്തോടെയാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.51 ശതമാനം ഇടിഞ്ഞ് ബാരലിന് 89.04 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.22 ശതമാനം ഉയർന്ന് 2352 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 83.48 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,408.88 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വെള്ളിയാഴ്ച്ച സെൻസെക്സ് 609.28 പോയിൻ്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 73,730.16 ലും നിഫ്റ്റി 150.40 പോയിൻ്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലുമാണ് ക്ലോസ് ചെയ്തത്.