ഐടിയും മീഡിയയും വീണു; ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് നേട്ടത്തോടെ ക്ലോസിംഗ്

  • വലിയ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി മീഡിയ
  • വലിയ നേട്ടം ഓയില്‍-ഗ്യാസ് മേഖലയ്ക്ക്
  • സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടത്തില്‍

Update: 2023-12-26 10:31 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ ശക്തമായ ചാഞ്ചാട്ടം പ്രകടമാക്കിയ സെന്‍സെക്സും നിഫ്റ്റിയും പിന്നീട് പച്ചയില്‍ സ്ഥിരത പുലര്‍ത്തികയായിരുന്നു.

സെന്‍സെക്സ് 229.84 പോയിന്‍റ് അഥവാ 0.32 ശതമാനം മുന്നേറി 71,336.80ലും നിഫ്റ്റി 104.55 പോയിന്‍റ് അഥവാ0.49 ശതമാനം നേട്ടത്തോടെ 21,453.95ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ്, ആരോഗ്യ പരിപാലനം, മെറ്റല്‍, ഫാര്‍മ, ഓട്ടൊമെബൈല്‍ മേഖലകള്‍ മികച്ച നേട്ടം സ്വന്തമാക്കി. ഐടി, മീഡിയ,  പൊതുമേഖലാ ബാങ്ക് തുടങ്ങിയ സൂചികകള്‍ മാത്രമാണ് ഇടിവിലുള്ളത്. മീഡിയ 0.57 ശതമാനവും ഐടി 0.40 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 

നേട്ടങ്ങളും കോട്ടങ്ങളും

ഡിവിസ്‍ലാബ്, ഹീറോ മോട്ടോകോർപ്പ്, അദാനി എന്‍റര്‍പ്രൈസസ്, എൻടിപിസി, ഒഎൻജിസി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്. സെന്‍സെക്സില്‍  എന്‍ടിപിസി, മഹീന്ദ്ര & മഹീന്ദ്ര, വിപ്രൊ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്‍റ്റീല്‍, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, , ഇന്‍ഫോസിസ്, ടിസിഎസ്,  ടാറ്റ മോട്ടോഴ്സ്, എച്ച്‍സിഎല്‍ ടെക് എന്നിവ ഇടിവ് നേരിട്ടു.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.65 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 0.09 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.72 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.48 ശതമാനവും മുന്നേറി.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍  ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി എന്നിവ നേട്ടത്തിലായിരുന്നു.  ചൈനയുടെ ഷാങ്ഹായ് വിപണി ഇടിഞ്ഞു. ഓസ്ട്രേലിയ, ഹോംഗ്കോംഗ് തുടങ്ങിയ രാഷ്ട്രങ്ങളിലെ വിപണികള്‍ക്ക് അവധിയായിരുന്നു. 

Tags:    

Similar News