പുതിയ ഉയരങ്ങള്‍ തീര്‍ത്ത് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരി

  • ഇന്ന് വില 20 ശതമാനം മുന്നേറി
  • ഓർഡർ ബുക്ക് മൂല്യം ഇനിയും ഉയരുമെന്ന് വിദഗ്ധര്‍

Update: 2023-09-07 09:30 GMT

വിശാലമായ വിപണി ഇടിവിലും നേട്ടത്തിലുമായി ചാഞ്ചാടുമ്പോഴും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരി ഇന്ന് വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഉച്ചയ്ക്ക് 2:16 നുള്ള വിവരം അനുസരിച്ച് 20 ശതമാനം മുന്നേറ്റം നടത്തി 1,146.15 രൂപയിലാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ (സി‌എസ്‌എൽ) ഓഹരിയുള്ളത്.  52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയാണ് ഇത്. കഴിഞ്ഞ 5 സെഷനുകളിലായി, സി‌എസ്‌എല്ലിന്റെ ഓഹരികൾ 30 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ, 71 ശതമാനവും 2023 തുടക്കം മുതൽ 113 ശതമാനവും ഉയർച്ചയാണ് ഈ ഓഹരിക്ക് ഉണ്ടായത്. 

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽശാലയായ സിഎസ്എൽ തങ്ങളുടെ വരുമാനത്തിന്‍റെ വലിയപങ്ക് നാവികസേനയിൽ നിന്നാണ് നേടുന്നത്. നാവിക കപ്പൽ നിർമ്മാണം, തീരസംരക്ഷണ പദ്ധതികൾ, വാണിജ്യ കപ്പൽ നിർമ്മാണം, കപ്പൽ നന്നാക്കൽ സേവനങ്ങൾ എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

നാവികസേനയ്ക്ക് വേണ്ടി ആറ് നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകൾ (എന്‍ജിഎംവി) നിർമ്മിക്കുന്നതിനായി, രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കരാർ സിഎസ്എല്‍ കരസ്ഥമാക്കിയിട്ടുണ്ട്, ഇത് കമ്പനിയുടെ ഓർഡർ ബുക്ക് മൂല്യത്തെ ഉയര്‍ത്തിയതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 

തുറമുഖങ്ങളും ഉൾനാടൻ ജല ഗതാഗതും മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച അവസരമൊരുക്കുമെന്ന് സിഎസ്എല്‍ തങ്ങളുടെ കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ടയ്ടില്‍ വിലയിരുത്തി.. രാജ്യത്തെ ഏറ്റവും വലിയ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്‍ജര്‍ (TSHD) നിർമ്മിക്കാൻ കമ്പനി ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (ഡിസിഐ) കരാർ ഒപ്പിട്ടിട്ടുണ്ട്. നെതർലാൻഡ്‌സിലെ മാർക്കറ്റ് ലീഡറായ ഐഎച്ച്‌സിയുമായി ചേര്‍ന്നാണ് 12,000 ക്യുബിക് മീറ്റർ വരുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ഭാവിയില്‍ ഇത്തരം കൂടുതല്‍ പദ്ധതികള്‍ ലഭിക്കുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്. 

അതേസമയം, ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് (ഇൻഡ്-റാ) സിഎസ്എല്‍-ന്റെ ഓർഡർ ബുക്ക് ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, സമീപകാലത്ത് സ്ഥിരമായ വരുമാന വളർച്ചയാണ് കമ്പനി സ്വന്തമാക്കുന്നതെന്നും ഇൻഡ്-റാ വ്യക്തമാക്കി.

Tags:    

Similar News