ബജറ്റ് വിപണിയുടെ ദിശ നിശ്ചയിക്കും
- ജൂലൈ 23-ന് ആദ്യ സമ്പൂര്‍ണ ബജറ്റ്
- ബജറ്റ് നിരാശപ്പെടുത്തിയാല്‍ വന്‍ വില്‍പ്പന വിപണിയില്‍ സംഭവിക്കുക
- മോദി 3.0യുടെ ഭാവി നയപരിപാടികളുടെ ചുരളഴിയിലുംകൂടിയാണ് ഈ ബജറ്റ്
റിക്കാര്‍ഡ് ഉയരത്തിനടുത്ത് ക്ലോസ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണി ഒരിക്കല്‍ക്കൂടി വന്യമായ വ്യതിയാനം അനുഭവിക്കുവാന്‍ പോകുകയാണ്. സംഭവം ജൂലൈ 23-ന് എത്തുന്ന, എന്‍ഡിഎ 3.0യുടെ ആദ്യ സമ്പൂര്‍ണ ബജറ്റ് തന്നെ. മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റില്‍ നിക്ഷേപകരുള്‍പ്പെടെ എല്ലാവരും അത്രയ്ക്കു പ്രതീക്ഷയാണ് അര്‍പ്പിച്ചിട്ടുള്ളത്.
2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു അടിത്തറ തീര്‍ക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അതുകൊണ്ടുതന്നെ ബജറ്റിലുണ്ടാകണം. സാധാരണ ബജറ്റിനേക്കാള്‍ പ്രാധാന്യം ഈ ബജറ്റിനു കൈവരുന്നതും അതുകൊണ്ടാണ്.
മോദി 3.0യുടെ ഭാവി നയപരിപാടികളുടെ ചുരളഴിയിലുംകൂടിയാണ് ഈ ബജറ്റ്. വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും അനുകൂലമായ നടപടികളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടായാല്‍ അതു ധനകമ്മിയെ ബാധിക്കാത്തവിധത്തിലായിരിക്കണം. വിപണിയുടെ പ്രതീക്ഷയോടടുത്ത ബജറ്റാണെങ്കില്‍ വിപണിയില്‍ അതു പോസീറ്റീവ് മനോഭാവത്തോടെയുള്ള സ്ഥിരത കൊണ്ടുവരും.
നേരേ മറിച്ച് ബജറ്റ് നിരാശപ്പെടുത്തിയാല്‍ വന്‍ വില്‍പ്പന വിപണിയില്‍ സംഭവിക്കുക.
ബജറ്റിനും ഫിനാന്‍സ് ബില്ലിനും പുറമേ ആറു പുതിയ ബില്ലുകള്‍ കൂടി ഗവണ്‍മെന്റ് ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരുന്നുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം,1934-ലെ എയര്‍ ക്രാഫ്റ്റ് നിയമം ഭേദഗതി,ബോയിലേഴ്‌സ് ബില്‍ ഭേദഗതി, കാപ്പി, റബര്‍ എന്നീ നിയമങ്ങളുടെ ഭേദഗതി തുടങ്ങിയവ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നവയാണ്. ജൂലൈ 22-ന് ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 12-ന് അവസാനിക്കും.
22-ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയും കാഴ്ചപ്പാടും സംബന്ധിച്ച ഇക്കണോമിക് സര്‍വേ പാര്‍ലമെന്റില്‍ വയ്ക്കും. ഇന്ത്യന്‍ സമ്പദ്ഘടനയുടെ യഥാര്‍ത്ഥ ചിത്രം ഇതില്‍നന്നു ലഭിക്കും.
ശക്തമായ സാമ്പത്തിക, ധനകാര്യ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നതെങ്കിലും ഉയര്‍ന്ന ഭക്ഷ്യവിലക്കയറ്റം, ദുര്‍ബലമായ ഉപഭോഗം, തൊഴില്‍ വര്‍ധനയുണ്ടാകാത്തത്, ദാരിദ്ര്യം വര്‍ധിക്കുന്നത് തുടങ്ങിയവയൊക്കെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ധനകമ്മി നിയന്ത്രണം, സ്വകാര്യ നിക്ഷേപമുയര്‍ത്തല്‍ തുടങ്ങിയവയെല്ലാം ബജറ്റ് നേരിടേണ്ട പ്രശ്‌നങ്ങലാണ്.
ഇതിനു പുറമേ, ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍, ആഗോള, ആഭ്യന്തര സാമ്പത്തികക്കണക്കുകള്‍, ക്രൂഡോയില്‍ വില, രൂപയുടെ നീക്കം, ആഗോള വിപണിയുടെ പൊതുവായ നീക്കം വിദേശ, സ്വദേശ നിക്ഷേപകസ്ഥാപനങ്ങളുടെ സമീപനം, മണ്‍സൂണ്‍ പുരോഗതി തുടങ്ങിയവയെല്ലാം വിപണി മനോഭാവത്തെ ബാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ്. എങ്കിലും കേന്ദ്രസ്ഥാനം ബജറ്റിനുതന്നെ.
വിപണി ഇക്കഴിഞ്ഞ വാരത്തില്‍
നാലു ദിവസം മാത്രമുണ്ടായിരുന്ന ഇക്കഴിഞ്ഞ വാരത്തില്‍ ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക്് സൂചികകള്‍ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ഈ വാരത്തില്‍ 28.75 പോയിന്റ് നേട്ടത്തില്‍ 24530.9 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഈ വാരത്തില്‍ 24854.8 പോയിന്റ് വരെ എത്തിയതിനുശേഷമാണ് താഴ്ന്നത്. ഇത് റിക്കാര്‍ഡ് ഉയര്‍ച്ചയാണ്. നിഫ്റ്റിയുടെ റിക്കാര്‍ഡ് ക്ലോസിംഗ് 24800.85 പോയിന്റാണ്. വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ 269.95 പോയിന്റാണ് ഇടിഞ്ഞത്.
അതേപോലെ ഇന്ത്യന്‍ വിപണിയുടെ ബാരോ മീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് ഈ വാരത്തില്‍ ക്ലോസ് ചെയ്തിട്ടുള്ളത് 80604.65 പോയിന്റിലാണ്. ആദ്യമായി 81000 പോയിന്റിനു മുകളിലെത്തിയ സെന്‍സെക്‌സ് ഈ വാരത്തില്‍ 81587.76 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ഇതു റിക്കാര്‍ഡ് ആണ്. സെന്‍സെക്‌സിന്റെ റിക്കാര്‍ഡ് ക്ലോസിംഗ് ജൂലൈ 18-ലെ 81343.46 പോയിന്റാണ്.
ഈ വാരത്തില്‍ നിക്ഷേപകര്‍ എന്തു ചെയ്യണം? വളരെ പ്രക്ഷുബ്ധമായ വാരമാണ് കടന്നുവരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലയ സംഭവങ്ങളിലൊന്നായ മോദി 3.0യുടെ സമ്പൂര്‍ണ ബജറ്റിനു മുമ്പേ വിപണി വന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് ചെറിയൊരു നിരാശ സമ്മാനിച്ചാല്‍പോലും അതു വന്‍ വില്‍പ്പനയ്ക്കു കാരണമാകും. ഒരു പക്ഷേ ബജറ്റ് അനുകൂലമാണെങ്കില്‍പോലും അതു സൃഷ്ടിക്കുന്ന ആവേശത്തിനു അധികം ആയുസുണ്ടാവില്ല. അതിനാല്‍ ബജറ്റിലെ വന്യമായ വ്യതിയാനത്തില്‍ നിന്നു മാറി നില്‍ക്കുകയും സ്ഥിരത കൈവരുന്നതോടെ വിപണിയില്‍ പ്രവേശിക്കുകയും ചെയ്യുന്നതാവും നല്ല സമീപനമെന്നാണ് തോന്നുന്നത്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളുടെ വരവു തുടരുകയാണ് ഈ വാരത്തില്‍ ഫലം പുറത്തുവിടുന്ന പ്രധാന കമ്പനികളില്‍ കോഫോര്‍ജ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ലീവര്‍, നെസ്്‌ലെ, എല്‍ ആന്‍ഡ് ടി, സിപ്ല, ബജാജ് ഫിനാന്‍സ്, സുസ്്‌ലോണ്‍, ഐഡിബിഐ ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഐസിഐസിഐ പ്രൂഡ് ലൈഫ്, എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സെര്‍വ്, സിജി പവര്‍ ഫെഡറല്‍ ബാങ്ക് ടെക് മഹീന്ദ്ര, ഡിഎല്‍എഫ്, യുണൈറ്റഡ് ബ്രൂവറീസ്, സയന്റ്, ഇന്‍ഡസ് ഇന്‍ഡ്, ഐസിഐസിഐ ബാങ്ക്‌ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഡോ റെഡ്ഡീസ് തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്നു.
ജൂലൈ 22
ക്വാര്‍ട്ടര്‍ ഫലങ്ങള്‍: കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടച്ചശേഷം നിരവധി വന്‍ കമ്പനികള്‍ ഫലം പുറത്തുവിട്ടിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡിഎഫ്‌സി ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക്, യെസ് ബാങ്ക് ,യൂണിയന്‍ ബാങ്ക്, ജെകെ സിമന്റ്, ആര്‍ ബിഎല്‍ ബാങ്ക് തുടങ്ങിയവയ.ുടെ ഫലം ഇവയുടെ ഓഹരി വിലകളില്‍ എന്തു ഫലം പ്രകടനമാക്കുമെന്നു തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ മനസിലാക്കാം.
സാമ്പത്തിക സര്‍വേ: ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ചിത്രം സര്‍വേ സമ്മാനിക്കും. ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇതു ലഭ്യമാക്കും.
ജൂലൈ 23
കേന്ദ്ര ബജറ്റ്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം. ഈ വാരത്തില്‍ വിപണിയെ നയിക്കുക ബജറ്റായിരിക്കും. അതിന്റെ പ്രകമ്പനങ്ങള്‍ വരും ആഴ്്ചകളിലും മാസങ്ങളിലും തുടരും.
ധനകമ്മി നിയന്ത്രണത്തിനൊപ്പം വിലക്കയറ്റം തടയല്‍, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയവയിലെ നടപടികള്‍ എന്തൊക്കെയാണെന്നു കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ജൂലൈ 24
എച്ച്എസ് ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ: ജൂലൈയിലെ എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഐ കണക്ക് ഇന്നെത്തും. ജൂണിലിത് 58.3-ഉം മേയില്‍ 57.5-ഉംആയിരുന്നു. മെച്ചപ്പെട്ട നിലയാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസസ് പിഎംഐയും ഇന്നെത്തും. ജൂണിലിത് 60.5പോയിന്റും മേയില്‍ 60.2 പോയിന്റുമായിരുന്നു. പിഎംഐ 50 പോയിന്റിനു മുകളിലാണെങ്കില്‍ വളര്‍ച്ചയും അതിനു താഴെ ചുരുക്കവുമായിട്ടാണ് കണക്കാക്കുന്നത്.
യൂറോസോണ്‍, യുകെ, യുഎസ് മാനുഫാക്ചറിംഗ് പിഎംഐ, സര്‍വീസസ് പിഎംഐ കണക്കുകള്‍ പുറത്തെത്തും.
ജൂലൈ 25
യുഎസ് ജോബ്്‌ലെസ് ക്ലെയിം: ജൂലൈ 20-ന് അവസാനിച്ച വാരത്തില്‍ യുഎസിലെ ജോബ്്‌ലെസ് ക്ലെയിം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരും.ജൂലൈ 13-ന് അവസാനിച്ച വാരത്തില്‍ തൊഴിലില്ലായ്മ വേതനം നേടിയവരുടെ എണ്ണത്തില്‍ പതിനായിരത്തിന്റെ വര്‍ധനയുണ്ടായിരുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നത് പലിശ നിരക്കിനെക്കുറിച്ചു പുനരാലോചിക്കുവാന്‍ ഫെഡറല്‍ റിസര്‍വിനെ നിര്‍ബന്ധിതരാക്കും. സെപ്റ്റംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറയ്ക്കല്‍ സൈക്കിളിനു തുടക്കം കുറിയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.
ജുണിലെ യുഎസ് ഡ്യൂറബിള്‍സ് ഗുഡ്‌സ് ഓര്‍ഡര്‍, യുഎസ് ജിഡിപി രണ്ടാം ക്വാര്‍ട്ടര്‍ അഡ്വാന്‍സ്ഡ് കണക്കുകള്‍ എന്നിവയും പുറത്തുവിടും.
ജൂലൈ 26
ബാങ്ക് വായ്പ വളര്‍ച്ച: ജൂലൈ 12-ന് അവസാനിക്കുന്ന വാരത്തിലെ വായ്പ, ഡിപ്പോസിറ്റ് വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടും. സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ വായ്പയ്ക്ക് നിര്‍ണായക പങ്കാണുള്ളത്.
യുഎസ് കോര്‍ പിസിഇ വിലക്കയറ്റത്തോത് കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഫെഡറല്‍ റിസര്‍വ് നയത്തെ സ്വാധീനിക്കുന്നതാണ് ഈ കണക്കുകള്‍.
ഐപിഒ
മെയിന്‍ വിഭാഗത്തില്‍ ഐപിഒകളൊന്നും ഈ വാരത്തില്‍ എത്തുന്നില്ല. എന്നാല്‍ എസ് എംഇ വിഭാഗത്തില്‍ എട്ടു ഐപിഒകള്‍ എത്തുന്നുണ്ട്. ആര്‍എന്‍എഫ് ഐ സര്‍വീസസ്, വിവിഐപി ഇന്‍ഫ്രാടെക്, ചേതന എഡ്യൂക്കേഷന്‍, ക്ലിനിടെക് ലബോറട്ടറി, മംഗളം ഇന്‍ഫ്രാ ആന്‍ഡ് എ്ന്‍ജിനീയറിംഗ് എന്നീ കമ്പനികള്‍ ഈ വാരത്തില്‍ ഇഷ്യു നടത്തും. ഇഷ്യൂ പൂര്‍ത്തിയാക്കിയ ഏഴു കമ്പനികള്‍ ഈ വാരത്തില്‍ ലിസ്റ്റ് ചെയ്യും.
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഓഹരി വിപണിക്ക് ഊര്‍ജം നല്‍കുന്ന മുഖ്യ സംഗതികളിലൊന്നാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ( എഫ് ഐഐ) , സ്വദേശ നിക്ഷേപകസ്ഥാപനങ്ങള്‍ എന്നിവയുടെ നിക്ഷേപം. തെരഞ്ഞെടുപ്പിനു മുമ്പ് വന്‍ വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ജൂലൈയില്‍ തിരിച്ചുവന്നിരിക്കുകയാണ്. ജൂലൈയില്‍ വിദേശനി ക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് നിക്ഷേപം 21665 കോടി രൂപയാണ്. അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് നിക്ഷേപം 779 കോടി രൂപയാണ്.
എന്നാല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ( എഫ്പിഐ) ജൂലൈയില്‍ ഇതുവരെ 30772 കോടി രൂപയുടെ നെറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്. 2024-ല്‍ ഇതുവരെ അവരുടെ നെറ്റ് നിക്ഷേപം 33973 കോടി രൂപയാണ്. ജൂണില്‍ അവര്‍ 26565 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ അവര്‍ നടത്തിയിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ അവര്‍ വന്‍ വില്‍പ്പനക്കാരായിരുന്നു.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.