പ്രതീക്ഷയോടെ റബര്‍ മേഖല; സമ്മര്‍ദ്ദം ചെലുത്തി ഏലം
- സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോഗ്രാമിന് 209 രൂപയില്‍ നിന്നും 211 വരെ കയറി വിപണനം നടന്നു
- ബാങ്കോക്കില്‍ റബര്‍ താഴ്ന്ന നിലവാരമായ 164 രൂപയില്‍ നിന്നും 174ലേയ്ക്ക് ഉയര്‍ന്നു
- ഏലം വിളവെടുപ്പ് സെപ്റ്റംബറിലേയ്ക്ക് നീളുമെന്ന വിവരം ഇറക്കുമതിക്കാരെയും ആഭ്യന്തര വാങ്ങലുകാരെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി
ഏഷ്യന്‍ റബര്‍ വിപണികളില്‍ ഇടപാടുകളുടെ ആദ്യപകുതിയില്‍ ഉണര്‍വ് ദൃശ്യമായത് ഇന്ന് ഇന്ത്യന്‍ റബറിലും പ്രതിഫലിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോഗ്രാമിന് 209 രൂപയില്‍ നിന്നും 211 വരെ കയറി വിപണനം നടന്നു. ചില മേഖലകളില്‍ ഇടനിലക്കാര്‍ 214 രൂപയ്ക്ക് വരെ കച്ചവടങ്ങള്‍ക്ക് നീക്കം നടത്തി. യൂറോപ്യന്‍ യൂണിയന്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന ഇലട്രിക്ക് കാറുകളില്‍ മുന്‍ നിരയിലെ രണ്ട് കമ്പനികള്‍ക്ക് ഇറക്കുമതി നികുതിയില്‍ ഇളവുവരുത്തുമെന്ന പ്രഖ്യാപനം റബര്‍ ചൂടുപിടിക്കാന്‍ അവസരം ഒരുക്കി. ബാങ്കോക്കില്‍ റബര്‍ താഴ്ന്ന നിലവാരമായ 164 രൂപയില്‍ നിന്നും 174ലേയ്ക്ക് ഉയര്‍ന്നു.
കാലാവസ്ഥവ്യതിയാനം മൂലം ഏലം വിളവെടുപ്പ് സെപ്റ്റംബറിലേയ്ക്ക് നീളുമെന്നവിവരം ഇറക്കുമതിക്കാരെയും ആഭ്യന്തര വാങ്ങലുകാരെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഉല്‍പ്പന്ന വിലയെ ഒരു നിശ്ചിത ടാര്‍ജറ്റില്‍ പിടിച്ചുനിര്‍ത്തിയാണ് ഇടപാടുകാര്‍ സംഭരണം നടത്തുന്നത്. ഗ്വാട്ടിമല ഏലം രാജ്യാന്തര വിപണിയില്‍ എത്താന്‍ താമസം നേരിടുമെന്നത് യൂറോപിലെയും ഗള്‍ഫ് മേഖലയിലെയും ഇറക്കുമതിക്കാരില്‍ പിരിമുറുക്കമുളവാക്കുന്നു. സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ലേലത്തില്‍ 33,149 കിലോഗ്രാം ഏലക്കയുടെ ഇടപാടുകള്‍ നടന്നു. ശരാശരി ഇനങ്ങള്‍ കിലോ 2129 രൂപയിലും മികച്ചയിനങ്ങള്‍ 2631 രൂപയിലും കൈമാറി.
സംഭരിച്ച കൊപ്രയില്‍ നിന്നും ഒരുപങ്ക് ലേലത്തിന് ഇറക്കാനുള്ള നീക്കം വിപണിയില്‍ ആശങ്ക ഉളവാക്കിയെങ്കിലും മഴചരക്ക് നീക്കത്തിന് തടസമുളവാക്കുന്നത് ഉല്‍പ്പന്നവില സ്റ്റെഡിയായി നീങ്ങാന്‍ അവസരം ഒരുക്കി. കഴിഞ്ഞ ഒരാഴ്ച്ചയായി കൊപ്ര 10,000 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്.