എഫ് പി ഐകളുടെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നു; പിന്‍വലിച്ചത് 30,000 കോടി

  • ഈ വര്‍ഷം ഇതുവരെ പിന്‍വലിച്ചത് 1.42 ലക്ഷം കോടി
  • താരിഫ് മൂലമുണ്ടാകുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചു
;

Update: 2025-03-16 06:39 GMT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നു. ഈ മാസത്തിലെ ആദ്യ രണ്ട് ആഴ്ചക്കുള്ളില്‍ ഓഹരി വിപണിയില്‍ നിന്ന് 30,000 കോടി രൂപയിലധികമാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്. ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമായതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ഫെബ്രുവരിയില്‍ ഓഹരികളില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 കോടി രൂപയും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു.

ഇതോടെ, 2025-ല്‍ ഓഹരി വിപണിയില്‍ നിന്ന് ഇതുവരെയുള്ള എഫ്പിഐകളുടെ മൊത്തം പിന്‍വലിക്കല്‍ 1.42 ലക്ഷം കോടി രൂപയായതായി ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

ഡാറ്റ പ്രകാരം, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഈ മാസം (മാര്‍ച്ച് 13 വരെ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് 30,015 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. തുടര്‍ച്ചയായ 14-ാം ആഴ്ചയിലെ അറ്റ പിന്‍വലിക്കലാണിത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള യുഎസ് വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, താരിഫ് മൂലമുണ്ടാകുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ നിക്ഷേപകരെ സ്വാധീനിച്ചു. ഇത് ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളോട് ജാഗ്രത പുലര്‍ത്താന്‍ എഫ്പിഐകളെ പ്രേരിപ്പിച്ചുവെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

എഫ്പിഐകളുടെ ഒഴുക്കിനെ നയിക്കുന്ന മറ്റൊരു പ്രധാന ഘടകം യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധനവും ഡോളറിന്റെ മൂല്യവുമാണ്. ഇത് അമേരിക്കന്‍ ആസ്തികളെ കൂടുതല്‍ ആകര്‍ഷകമാക്കി.

കൂടാതെ, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച വിറ്റഴിക്കല്‍ പ്രവണതയെ കൂടുതല്‍ വഷളാക്കി. കാരണം ഇത് വിദേശ നിക്ഷേപകരുടെ വരുമാനത്തെ ഇല്ലാതാക്കും.

കൂടാതെ, 2025 ല്‍ മറ്റ് വിപണികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ച ചൈനീസ് ഓഹരികളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള എഫ്പിഐ പിന്‍വലിക്കല്‍ പ്രധാനമായും ചെന്ന് ചേക്കേറുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ എടുത്തുപറഞ്ഞു.

'ഡോളര്‍ സൂചികയിലെ സമീപകാല ഇടിവ് യുഎസിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് പരിമിതപ്പെടുത്തും. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂലമുണ്ടായ വര്‍ധിച്ച അനിശ്ചിതത്വം ഫണ്ടുകള്‍ സ്വര്‍ണം, ഡോളര്‍ പോലുള്ള സുരക്ഷിത ആസ്തി ക്ലാസുകളിലേക്ക് മാറ്റാന്‍ സാധ്യതയേറെയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News