ഇന്നലെയുണ്ടായ റെക്കോര്‍ഡ് ഇന്ന് തകര്‍ത്തു; പിടിവിട്ട് സ്വര്‍ണവില!

  • ഇന്ന് വര്‍ധിച്ചത് പവന് 880 രൂപ
  • സ്വര്‍ണം ഗ്രാമിന് 8230 രൂപ
  • പവന് 65840 രൂപ
;

Update: 2025-03-14 04:51 GMT

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ചുമത്തല്‍ ഭീഷണികാരണം സ്വര്‍ണം പിടിവിട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക്. ഇന്നലെ തീര്‍ത്ത വിലയിലെ സര്‍വകാല റെക്കോര്‍ഡ് പൊന്ന് ഇന്ന് തകര്‍ത്തു. പവന് 65000-വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില.

പൊന്ന് ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുതിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8230 രൂപയും പവന് 65840 രൂപയുമായി ഉയര്‍ന്നു. പവന് 66000-ത്തിലെത്താന്‍ ഇനി 160 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. വിലയിലെ കുതിപ്പ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഉപഭോക്താക്കള്‍. കേവലം മൂന്നു ദിവസംകൊണ്ട് പവന് വര്‍ധിച്ചത് 1680 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 8770 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണവില വര്‍ധിച്ചതിന് അനുസൃതമായി വെള്ളിവിലയും ഉയര്‍ന്നു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 110 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.

ട്രംപിന്റെ നയങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്രസ്വര്‍ണവില വര്‍ധിച്ചിരുന്നു.

അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും വിലവര്‍ധനയുണ്ടായത്. റഷ്യ-ഉക്രെയന്‍ യുദ്ധത്തിലെ സമാധാന സാധ്യതയൊന്നും സ്വര്‍ണവിപണിയില്‍ സ്വാധീനിച്ചില്ല.

വാണിജ്യരംഗങ്ങളിലെ പ്രതിസന്ധികളും ഓഹരിവിപണിയിലെ തകര്‍ച്ചയും സ്വര്‍ണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു.

നിലവില്‍ യുഎസിലേക്ക് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍നിന്നാണ്. അതിനാല്‍ സ്വര്‍ണത്തിനുമേല്‍ ഇറക്കുമതി നികുതി ചുമത്തുമോ എന്ന കാര്യവും നിലനില്‍ക്കുകയാണ്.

താരിഫ് യുദ്ധം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും ഉയരും.

Tags:    

Similar News