വിറ്റുമാറാന്‍ വിപണി തേടി കുരുമുളക്; ഉയര്‍ന്ന് റബര്‍ വില

  • കുരുമുളക് ഇറക്കുമതി ലോബി സ്റ്റോക്കുള്ള ചരക്ക് ഏത് വിധേനയും വിറ്റുമാറാന്‍ വിപണിയില്‍ പരക്കം പായുന്നു
  • വിദേശ റബര്‍ ഇറക്കുമതിക്ക് അനുമതി തേടുന്ന ടയര്‍ ലോബി പുതിയ തന്ത്രവുമായി രംഗത്ത്
  • ഏകദേശം 60,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 58,000 കിലോയും കയറ്റുമതിക്കാരും മറ്റ് ഇടപാടുകാരും ശേഖരിച്ചു

Update: 2024-07-29 14:10 GMT

കുരുമുളക് ഇറക്കുമതി ലോബി സ്റ്റോക്കുള്ള ചരക്ക് ഏത് വിധേനയും വിറ്റുമാറാന്‍ വിപണിയില്‍ പരക്കം പായുന്നു. സംസ്ഥാനത്ത് മഴ കനത്തതോടെ ഇറക്കുമതി നടത്തിയ മുളകില്‍ ജലാംശതോത് ഉയര്‍ന്നതിനൊപ്പം പൂപ്പല്‍ ബാധയെ കുറിച്ചുള്ള ആശങ്കകളും നിരക്ക് താഴ്ത്തിയും ചരക്ക് വിറ്റുമാറാന്‍ അവരെ പ്രേരിപ്പിക്കുന്നു. അതേ സമയം ഉണക്കുള്ള ചരക്കും അവര്‍ വാഗ്ദാനം ചെയ്ത വന്‍കിട വ്യാപാരികളെ ആകര്‍ഷിച്ചു. വിപണിയിലെ താല്‍ക്കാലിക വില തകര്‍ച്ചയ്ക്ക് ശേഷം നിരക്ക് ഉയരുമെന്ന ഉറച്ച വിശ്വാസമാണ് താഴ്ന്ന വിലയ്ക്ക് ലഭിക്കുന്ന കുരുമുളക് വാരികൂട്ടാന്‍ മദ്ധ്യവര്‍ത്തികളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം. ഉത്തരേന്ത്യന്‍ ഉത്സവ സീസണ്‍ മുന്നിലുള്ളതും ചരക്ക് സംഭരണത്തിന് ആക്കം കൂട്ടുന്നു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 648 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 8150 ഡോളര്‍.

വിദേശ റബര്‍ ഇറക്കുമതിക്ക് അനുമതി തേടുന്ന ടയര്‍ ലോബി പുതിയ തന്ത്രവുമായി രംഗത്ത്. സംസ്ഥാനത്ത് റബര്‍ നീക്കിയിരിപ്പുണ്ടെന്നും കാര്‍ഷിക മേഖലയും വ്യാപാര സമൂഹവും ചരക്ക് പുഴ്ത്തിവെച്ചത് ഷീറ്റ് ക്ഷാമത്തിന് ഇടയാക്കിയെന്ന ആരോപണം ഉല്‍പാദന മേഖലയെ ആശ്ചര്യപ്പെടുത്തി. പ്രതികൂല കാലാവസ്ഥയില്‍ ടാപ്പിങ് അടിക്കടി തടസപ്പെട്ടതിനാല്‍ ഉല്‍പാദനം ചുരുങ്ങിയതോടെ ഷീറ്റ് വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് കുതിപ്പ് തടയാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ഉല്‍പാദകര്‍. ഇറക്കുമതി ഭീഷണിയില്‍ ആഭ്യന്തര വില ഇടിക്കാനുള്ള വ്യവസായികളുടെ നീക്കത്തിന് സര്‍ക്കാര്‍ ഏജന്‍സി കൂടപിടിക്കുന്നതായി കാര്‍ഷിക മേഖല. നാലാം ഗ്രേഡ് റബര്‍ വില ഇന്ന് കോട്ടയത്ത് 5 രൂപ ഉയര്‍ന്ന് കിലോ 225 രൂപയായി, ഒരു വ്യാഴവട്ടം മുന്‍പ് രേഖപ്പെടുത്തിയ 240 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

വാരാന്ത്യം രണ്ട് ലേലങ്ങളിലായി ഏകദേശം 60,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 58,000 കിലോയും കയറ്റുമതിക്കാരും മറ്റ് ഇടപാടുകാരും ശേഖരിച്ചു. ശാന്തന്‍പാറയിലും വണ്ടന്‍മേട്ടിലും നടന്ന ലേലങ്ങളില്‍ വലിയപങ്ക് ചരക്ക് ശേഖരിച്ചത് ആഭ്യന്തര വ്യാപാരികളാണ്. ഉത്സവ സീസണ്‍ മുന്നിലുള്ളതിനാല്‍ ബംബര്‍ വില്‍പ്പന അവര്‍ മുന്നില്‍ കാണുന്നതെങ്കിലും ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ചത് കിലോ 2300 ല്‍ കുറവ് മാത്രമാണ്.

Tags:    

Similar News