വരും ആഴ്ചയിൽ ത്രൈമാസ ഫലങ്ങളും, പണപ്പെരുപ്പ കണക്കുകളും വിപണിയെ നയിക്കും
- ടിസിഎസ്, ഇൻഫോസിസ് എന്നിവയുടെ ഫലം ഈയാഴ്ച പുറത്തു വരും
- വ്യാവസായിക ഉത്പാദന കണക്കുകളും പുറത്തുവിടും
വ്യാവസായിക ഉത്പാദനം, പണപ്പെരുപ്പ കണക്കുകൾ, പ്രമുഖ ഐ ടി കമ്പനികളുടെ നാലാം പാദ ഫലങ്ങൾ എന്നിവ വരും ആഴ്ചയിൽ വിപണിയുടെ ഗതി നിയന്ത്രിക്കും. കൂടാതെ വിദേശ നിക്ഷേപവും, രൂപയുടെ പ്രകടനവും, ക്രൂഡ് ഓയിൽ വിലയും പരിഗണിക്കേണ്ട ഘടകങ്ങൾ തന്നെയാണ്. വരുന്ന വെള്ളിയാഴ്ച അംബേദ്‌കർ ജയന്തി പ്രമാണിച്ച് വിപണി അവധിയായിരിക്കും.
ടി സി എസ്സിന്റെ ഫലം ബുധനാഴ്ചയും, ഇൻഫോസിസിന്റെ വ്യാഴാഴ്ചയും പുറത്തു വരും.
വ്യാവസായിക ഉത്പാദന കണക്കുകളും, ഫെബ്രുവരി മാർച്ച് മാസ പണപ്പെരുപ്പ നിരക്കും ബുധനാഴ്ചയാണ് പുറത്തുവിടുന്നത്. ഡബ്ള്യു പി ഐ പണപ്പെരുപ്പ കണക്കുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
"ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗത്തിന്റെ മിനുട്സ് ഈ ആഴ്ച പ്രഖ്യാപിക്കും, ഇത് ആഗോള വിപണികളിലെല്ലാം സ്വാധീനിക്കും. ഫെഡും പലിശ നിരക്ക് വർധനയിൽ താൽകാലിക വിരാമത്തിന് തീരുമാനിച്ചാൽ ആഗോള വിപണികളിലെല്ലാം അത് ശുഭകരമായി പ്രതിഫലിക്കും. അല്ലാത്ത പക്ഷം തിരിച്ചും സംഭവിച്ചേക്കാം," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
തുടർച്ചയായ കഴിഞ്ഞ ആറ് സെഷനിലും വിദേശ നിക്ഷേപകർ അറ്റ വാങ്ങലുകാരായിട്ടുണ്ട്. ആറ് ദിവസത്തിൽ 4738 കോടി രൂപ നിക്ഷേപമാണ് നടത്തിയത്. ഡോളർ സൂചികയുടെ ഇടിവും, യു എസ് ബോണ്ട് യീൽഡിന്റെ കുറവുമാണ് നിലവിലെ ഈ നിക്ഷേത്തിനു പിന്നിലെ പ്രധാന കാരണം.
രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ച് ഡോളറിനെതിരെ 82.75 രൂപയിൽ നിന്ന് 81.74 രൂപയായിരുന്നു. ഓട്ടോ മൊബൈൽ, ധനകാര്യ മേഖല, കാപിറ്റൽ ഗുഡ്സ്, ഊർജം, മെറ്റൽ, മൈനിങ് വിഭാഗങ്ങളിലെ ഓഹരികളിലാണ് വിദേശ നിക്ഷേപകർ കൂടുതൽ നിക്ഷേപം നടത്തുന്നത്.
പോയ വാരത്തിൽ സെൻസെക്സ് 841.45 പോയിന്റ് വർധിച്ചിരുന്നു.