ഐടിസി 5 ട്രില്യണ്‍ എം ക്യാപ് ക്ലബ്ബിലേക്ക്

  • ഓഹരി മൂല്യം പുതിയ സര്‍വകാല ഉയരത്തില്‍
  • ഈ വർഷം ഇതുവരെ ഓഹരി വിലയിലുണ്ടായത് 21% ഉയര്‍ച്ച
  • വിപണി മൂലധനത്തില്‍ എട്ടാം സ്ഥാനത്ത്

Update: 2023-04-20 10:39 GMT

2023 കലണ്ടര്‍ വര്‍ഷത്തിലുടനീളം ഓഹരികള്‍ നടത്തിയ മിന്നുന്ന പ്രകടനത്തിന്‍റെ ഫലമായി എഫ്എംസിജി വമ്പന്‍ ഐടിസിയുടെ വിപണി മൂലധനം 5 ട്രില്യണ്‍ രൂപയ്ക്ക് മുകളിലെത്തി. ഇന്ന് ഇട വ്യാപാരത്തിനിടെ ഐടിസി ഓഹരിയുടെ മൂല്യം 1% ഉയര്‍ന്ന് 402.60 എന്ന സര്‍വകാല ഉയരത്തിലേക്കെത്തി. ഇതോടെയാണ് കമ്പനിയുടെവിപണി മൂലധനംആദ്യമായി 5 ട്രില്യണ്‍ രൂപ എന്ന നാഴികക്കല്ല് പിന്നിടുന്നത്.

ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നുള്ള വിവര പ്രകാരം നിലവില്‍ വിപണി മൂല്യത്തില്‍ എട്ടാം സ്ഥാനത്താണ് ഐടിസി ഉള്ളത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവില്‍ 21 ശതമാനം വര്‍ധനയാണ് കമ്പനിയുടെ ഓഹരിവിലയില്‍ ഉണ്ടായത്. സെന്‍സെക്സ് മൊത്തത്തില്‍ 2.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കാലം കൂടിയായിരുന്നു ഇതെന്ന് ഓര്‍ക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികം മികച്ച വരുമാനം ഈ സ്റ്റോക്ക് നൽകി. വാര്‍ഷികാടിസ്ഥാനത്തില്‍ നിഫ്റ്റി50-യിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റോക്കാണിത്. 2023 ൽ ഇതുവരെ, നിഫ്റ്റി 50 നെതിരെ 20% നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇക്കാലയളവില്‍ 2% ഇടിവാണ് നിഫ്റ്റി മൊത്തത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സിഗററ്റ്, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍, ഹോട്ടല്‍, പേപ്പര്‍ എന്നിങ്ങനെ ഏറ്റവുമധികം വൈവിധ്യവത്കരിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ കമ്പനികളിലൊന്നാണ് ഐടിസി. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 400.30 രൂപയായിരുന്നു ബിഎസ്ഇ-യിലും എന്‍എസ്ഇ-യിലും ഐടിസി ഓഹരികളുടെ വില.

Tags:    

Similar News