വാലിയന്റ് ലാബ് 152 കോടിയുടെ ഇഷ്യുവിന്

  • ഇഷ്യു ഒക്ടോബര്‍ മൂന്നിന് അവസാനിക്കും
  • പാരസെറ്റമോള്‍ ബള്‍ക്ക് ഡ്രഗ് ഉല്‍പ്പാദനത്തിലാണ് കമ്പനിയുടെ ശ്രദ്ധ
  • പുതിയ ഫാക്ടറിയുടെ പ്രവര്‍ത്തനമൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് തുക വിനിയോഗിക്കുക

Update: 2023-09-27 05:19 GMT

വാലിയന്റ് ലബോറട്ടറീസ് കന്നി ഇഷ്യുമായി സെപ്റ്റംബര്‍ 27-ന് മൂലധന വിപണിയിലെത്തും. ഇഷ്യു ഒക്ടോബര്‍ മൂന്നിന് അവസാനിക്കും. കമ്പനി 1.09 കോടി ഓഹരികള്‍ നല്‍കി 152.46 കോടി രൂപയാണ് സ്വരൂപിക്കുക.

പ്രൈസ് ബാന്‍ഡ് 133- 140 രൂപയാണ്. കുറഞ്ഞത് 105 ഓഹരിക്ക് അപേക്ഷനല്‍കണം. ബിഎസ് ഇയിലും എന്‍എസ് ഇയിലും ഒക്ടോബര്‍ ഒമ്പതിന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനചരിത്രമുള്ള കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ശാന്തിലാല്‍ ശിവജി വോറ, സന്തോഷ് ശാന്തിലാല്‍ വോറ, ധനവല്ലഭ് വെഞ്ചേഴ്‌സ് എല്‍ എല്‍പി എന്നിവരാണ് പ്രമോട്ടര്‍മാര്‍. ഇഷ്യുവിനുശേഷം പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം74.94 ശതമാനമായി താഴും. പാരസെറ്റമോള്‍ ബള്‍ക്ക് ഡ്രഗ് ഉല്‍പ്പാദകരാണ് കമ്പനി.

പ്രവര്‍ത്തനമേഖല

1980ല്‍ മുംബൈയ്ക്കടുത്ത് പല്‍ഗഡിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിക്ക് മികച്ച ഗവേഷണ വികസന സൗകര്യവുമുണ്ട്. കമ്പനി മുഖ്യമായും പാരസെറ്റമോള്‍ ബള്‍ക്ക് ഡ്രഗ് ഉല്‍പ്പാദനത്തിലാണ് ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത്. കമ്പനിയുടെ സ്ഥാപിതശേഷി പ്രവതിവര്‍ഷം 9000 ടണ്ണാണ്. പാരാസെറ്റമോള്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃവസ്തുക്കള്‍ ചൈനയില്‍നിന്നും കംബോഡിയയില്‍നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

ഉപകമ്പനിയായ വാലിയന്റ് അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ ബറൂച്ചയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയുടെ മൂലധന, പ്രവര്‍ത്തനമൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇഷ്യു തുക മുഖ്യമായും ഉപയോഗിക്കുക.

ധനകാര്യ നില

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 333.91 കോടി രൂപ വരുമാനവും 29 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. 2021-22-ല്‍ ഇത് 291.6 കോടി രൂപയും 2020-21-ല്‍ 182.34 കോടി രൂപയുമായിരുന്നു. ഈ കാലയളവിലെ അറ്റാദായം യഥാക്രമം 27.5 കോടി രൂപയും 30.6 കോടി രൂപയും വീതമാണ്.

മൂന്നുവര്‍ഷക്കാലത്ത് കമ്പനിയുടെ ആര്‍ഒഇ (റിട്ടേണ്‍ ഓഫ് ഇക്വിറ്റി) 38.7 ശതമാനവും ആര്‍ഒസിഇ( റിട്ടേണ്‍ ഓഫ് കാപ്പിറ്റല്‍ എംപ്ലോയിഡ്) 43.1 ശതമാനവുമെന്ന ആരോഗ്യകരമായ വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ വരുമാനത്തില്‍ 35 ശതമാനം വളര്‍ച്ചയുണ്ടായെങ്കിലും അറ്റാദായം 2.6 ശതമാനം കുറയുകയാണ് ചെയ്തത്.

ഈ മേഖലയിലെ കമ്പനികളെ അപേക്ഷിച്ച് കമ്പനിയുടെ വാല്വേഷന്‍ ഇടത്തരം നിലവാരത്തിലാണ്. അതായത് മെച്ചപ്പെടാനുള്ള സാധ്യതയേറെയാണെന്നര്‍ത്ഥം. കമ്പനിയുടെ ഏറ്റവും വലിയ റിസ്‌ക് എന്നത് കമ്പനിയുടെ മുഖ്യവരുമാനം ഒറ്റ ഉല്‍പ്പന്നത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ്.

യുണിസ്റ്റോണ്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

Tags:    

Similar News