60 കോടിയുടെ ഇഷ്യൂവുമായി 3 എസ്എംഇ കമ്പനികൾ ഇന്ന് വിപണിയിൽ

  • ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഐപിഒ വഴി 24.60 കോടി രൂപ സമാഹരിക്കും
  • സിയറാം റീസൈക്ലിംഗ് ഐപിഒ ഡിസംബർ 14-ന് ആരംഭിക്കും
  • ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് ഇഷ്യൂ ഡിസംബർ 18-ന് അവസാനിക്കും.

Update: 2023-12-14 04:52 GMT

ഡിസംബർ 14-ന് മൂന്ന് ചെറു കിട ഇടത്തരം സ്ഥാപനങ്ങൾ പണം സമാഹരിക്കാൻ പ്രാഥമിക വിപണിയിലെത്തും. ഈ കമ്പനികളുടെ ഇഷ്യൂ 18-ന് അവസാനിക്കും.

ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കമ്പനികളിലെ ജീവനക്കാർക്ക് ഗതാഗത സേവനങ്ങൾ നൽകുന്നു ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഐപിഒ വഴി 24.60 കോടി രൂപ സമാഹരിക്കും. ഡിസംബർ 14-ന് ആരംഭിക്കുന്ന ഇഷ്യൂ 18-ന് അവസാനിക്കും.

ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 19 പൂർത്തിയാവും. ഓഹരികൾ ഡിസംബർ 21 എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 65 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം.

 പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, പാസഞ്ചർ വാഹനങ്ങൾ വാങ്ങൽ മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2006-ൽ സ്ഥാപിതമായ, ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കമ്പനികളിലെ ജീവനക്കാർക്ക് ഗതാഗത സേവനങ്ങൾ നൽകുന്നു. ചെറിയ കാറുകൾ, സെഡാനുകൾ, എസ്‌യുവികൾ, ആഡംബര കാറുകൾ, ബസുകൾ എന്നിവയുൾപ്പെടെ 1475-ലധികം വാഹനങ്ങൾ കമ്പനിക്കുണ്ട്. ഇതിൽ 217 വാഹനങ്ങൾ കമ്പനിയുടേതാണ്, ബാക്കിയുള്ളവ വിവിധ ദാതാക്കളിൽ നിന്ന് പാട്ടത്തിനെടുത്തവയാണ്.

മുംബൈ, നവി മുംബൈ, പൂനെ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലായി 42 സ്ഥലങ്ങളിൽ കമ്പനിക്ക് യൂണിറ്റുകളുണ്ട്. ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റിയുടെ ക്ലയന്റുകളിൽ ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, കേപ് ജെമിനി, ആക്‌സെഞ്ചർ തുടങ്ങിയവ ഉൾപ്പെടുന്നു.

സിയറാം റീസൈക്ലിംഗ്

പിച്ചള അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ഉത്പന്നങ്ങൾ നിർമിക്കുന്ന സിയറാം റീസൈക്ലിംഗ് ഐപിഒ ഡിസംബർ 14-ന് ആരംഭിക്കും. ഇഷ്യൂ വഴി 22.96 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം.

ഇഷ്യൂ ഡിസംബർ 18-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 19 പൂർത്തിയാവും. ഓഹരികൾ ഡിസംബർ 21 ബിഎസ്ഇ എസ്എംഇ -യിൽ ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 43-46 രൂപയാണ്. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം.

ഇഷ്യൂ തുക കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

2007-ൽ സ്ഥാപിതമായ സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രധാന പ്രവർത്തനങ്ങളിൽ പിച്ചള സ്ക്രാപ്പ് വേർതിരിക്കുക, പിച്ചള ഇങ്കോട്ടുകൾ, ബില്ലെറ്റുകൾ, വടികൾ എന്നിവയുടെ നിർമ്മാണം, കൂടാതെ പിച്ചള അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ഉത്പാദനം, പ്രത്യേകിച്ച് സാനിറ്ററി ഇൻസ്റ്റാളേഷനുകൾക്കുള്ള ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പിച്ചള ഘടകങ്ങളുടെ പ്രധാന കേന്ദ്രമായ ജാംനഗർ ജില്ലയിലെ മൂന്ന് പ്ലാന്റുകളിലാണ് ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്.

ഇന്ത്യയിലെ ഏകദേശം 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നാണ്. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ചൈന, ജർമ്മനി, ബെൽജിയം, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയുന്നുണ്ട്.

ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ്

ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ നൽകുന്ന ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് ഇഷ്യൂ വഴി 12.24 കോടി രൂപ സമാഹരിക്കും. ഡിസംബർ 14-ന് ആരംഭിക്കുന്ന ഇഷ്യൂ 18-ന് അവസാനിക്കും.

ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 19-ന് പൂർത്തിയാവും. ഡിസംബർ 21 ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 66 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 2000 ഓഹരികൾ. 

ഇഷ്യൂ തുക മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യം, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.

2002 ഒക്ടോബറിൽ സ്ഥാപിതമായ ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് ലിമിറ്റഡ്, ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ വഴി ടെക്നോളജി കൺസൾട്ടിംഗ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് നൽകുന്ന കമ്പനിയാണ്.

ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ, സോഫ്റ്റ്‌വെയർ, വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് സേവനങ്ങൾ, വാർഷിക മെയിന്റനൻസ് കരാറുകൾ (AMC), ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങൾ (FMS) എന്നിവ കമ്പനി നൽകുന്നുണ്ട്.

Tags:    

Similar News