ഐപിഒയിലും യുപിഐയിലും മുന്നേറ്റം; ഐപിഒ അപേക്ഷകള്‍ 70% ലഭിക്കുന്നത് യുപിഐയിലൂടെ
ഇന്ത്യയില്‍ യുപിഐ യൂസര്‍മാരുടെ എണ്ണം 350 ദശലക്ഷമാണ്
റീട്ടെയില്‍ നിക്ഷേപകരില്‍നിന്നുള്ള ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വിപണി കുതിച്ചുയരുന്ന സമയത്ത്, ഐപിഒ അപേക്ഷകളില്‍ 60-70 ശതമാനം വരെ യുപിഐ വഴിയാണു വരുന്നതെന്നു നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് അസ്‌ബേ പറഞ്ഞു.
രാജ്യത്ത് 12 കോടിയിലധികം ഡീമാറ്റ് അക്കൗണ്ടുകളുണ്ട്. 5-6 കോടിയിലധികം പേര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയില്‍ യുപിഐ യൂസര്‍മാരുടെ എണ്ണം 350 ദശലക്ഷമാണ്.
സെറോദ, ഗ്രോ, ഏയ്ഞ്ചല്‍ വണ്‍ തുടങ്ങിയ ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൂടെ ഐപിഒയില്‍ പങ്കെടുക്കാന്‍ വരുന്ന റീട്ടെയില്‍ നിക്ഷേപകരില്‍ ഭൂരിഭാഗവും യുപിഐ വഴിയാണ് അപേക്ഷിക്കുന്നത്.
പ്രതിമാസം 1100 കോടിയിലധികം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തല്‍ക്ഷണ മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യുപിഐ.
ഇപ്പോള്‍ പ്രതിദിനം യുപിഐ വഴി നടക്കുന്ന ഇടപാടുകള്‍ 340 ദശലക്ഷമാണ്. മാസ്റ്റര്‍ കാര്‍ഡ് വഴി നടക്കുന്നത് 440 ദശലക്ഷം ഇടപാടുകളുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നത് വിസാ കാര്‍ഡ് നെറ്റ് വര്‍ക്കിലാണ്. പ്രതിദിനം 750 ദശലക്ഷമാണു വിസാ കാര്‍ഡിലൂടെ നടക്കുന്ന ഇടപാട്.