പിരമിഡ് ടെക്നോപ്ലാസ്റ്റ് ഇഷ്യൂ നാളെ മുതല്‍
- പോളിമർ ഡ്രമ്മുകള്‍ നിർമിക്കുന്ന കമ്പനിയാണ് പിരമിഡ് ടെക്നോപ്ലാസ്റ്റ്
- നിലവിൽ ആറ് നിർമ്മാണ യൂണിറ്റുകളുണ്ട്
- ഏഴാമത്തെ യൂണിറ്റ് ഗുജറാത്തിലെ ജിഐഡിസിയിലെ ബറൂച്ചിൽ നിര്മാണത്തിലാണ്.
;
പാക്കേജിംഗ് കമ്പനിയായ പിരമിഡ് ടെക്‌നോപ്ലാസ്റ്റിന്റെ കന്നി ഇഷ്യൂ നാളെ ആരംഭിക്കും. എസ്‌ബിഎഫ്‌സി ഫിനാൻസ്, കോൺകോർഡ് ബയോടെക്, ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് എന്നിവയ്ക്ക് ശേഷം ഈ മാസമെത്തുന്ന നാലാമത്തെ പബ്ലിക് ഇഷ്യുവാണിത്.
പത്തു രൂപ മുഖവിലയുള്ള 5,500,000 പുതിയ ഓഹരികളും 3,720,000 ഓഫർ ഫോർ സെയ്‌ലും കൂടി മൊത്തം 9,220,000 ഓഹരികളുമാണുള്ളത്, ഇഷ്യൂവിലൂടെ 153 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. പ്രൈസ് ബാൻഡ് 151 - 166 രൂപ. കുറഞ്ഞത് 90 ഷെയറുകള്‍ക്ക് അപേക്ഷിക്കണം. ബിഎസ്ഇ ലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കടം തിരിച്ചടവ്, പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ എന്നിവയ്ക്കായി ഇഷ്യൂവിൽ നിന്നുള്ള തുക ഉപയോഗിക്കും.
കെമിക്കൽ, അഗ്രോകെമിക്കൽ, സ്പെഷ്യാലിറ്റി കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എന്നിവർക്ക് പാക്കേജിംഗിന് ആവശ്യമായ പല വലുപ്പത്തിലുള്ള പോളിമർ ഡ്രമ്മുകള്‍ നിർമിക്കുന്ന കമ്പനിയാണ് പിരമിഡ് ടെക്നോപ്ലാസ്റ്റ് ലിമിറ്റഡ്.
പിരമിഡ് ടെക്‌നോപ്ലാസ്റ്റ് 1998-ൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു, ഇപ്പോൾ ആറ് നിർമ്മാണ യൂണിറ്റുകളുണ്ട്, അതിൽ നാലെണ്ണം ഗുജറാത്തിലെ ബറൂച്ചിലും ജിഐഡിസിയിലും രണ്ടെണ്ണം കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലെ സിൽവാസയിലും സ്ഥിതി ചെയ്യുന്നു. പോളിമർ ഡ്രം നിർമ്മാണ യൂണിറ്റുകളുടെ സ്ഥാപിത ശേഷി പ്രതിവർഷം 20612 ടണ്ണും, ഐ.ബി.സി മാനുഫാക്ചറിംഗ് യൂണിറ്റിന്റെ ശേഷി 12820 ടണ്ണും, എം.എസ് ഡ്രംസ് യൂണിറ്റിന്റെ ശേഷി 6200 ടണ്ണുമാണ്. ഏഴാമത്തെ യൂണിറ്റ് ഗുജറാത്തിലെ ജിഐഡിസിയിലെ ബറൂച്ചിൽ നിര്മാണത്തിലാണ്.
ജയ്പ്രകാശ് അഗർവാൾ, പുഷ്പാ ദേവി അഗർവാൾ, മധു അഗർവാൾ, ബിജയ്കുമാർ അഗർവാൾ, യാഷ് സിന്തറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്രെഡൻസ് ഫിനാൻഷ്യൽ കൺസൾട്ടൻസി എൽഎൽപി എന്നിവരാണ് പിരമിഡ് ടെക്നോപ്ലാസ്റ്റിന്റെ പ്രമോട്ടർമാർ.
2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 480 കോടി രൂപയായിരുന്നു, അറ്റാദായം 31.76 കോടി രൂപയായിരുന്നു.