പ്ലാസ വയേഴ്സ് ഓഹരി വില്‍പ്പനയിലേക്ക്

  • ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 625 കോടി രൂപയുടെ പബ്‌ളിക് ഇഷ്യുവിന് സെബി അനുമതി നല്‍കി

Update: 2023-09-27 09:00 GMT

ഇലക്ട്രിക് വയര്‍, എല്‍ടി അലുമിനിയം കേബിള്‍, മറ്റ് ഇലക്ട്രിക് ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന പ്ലാസ വയേഴ്സ് ലിമിറ്റഡ് 71.28 കോടി രൂപയുടെ ഇഷ്യുമായി ഈ മാസം 29ന് വിപണിയിലെത്തും. ഒക്ടോബര്‍ നാല് വരെ ഓഹരികള്‍ വാങ്ങാവുന്നതാണ്. പത്തു രൂപ മുഖവിലയുള്ള 1.32 കോടി ഓഹരികളാണ് കമ്പനി വിറ്റഴിക്കുക.

പ്രൈസ് ബാന്‍ഡ് 51-54 രൂപയാണ്. വില്‍ക്കുന്ന ഓഹരികളില്‍ 10 ശതമാനമാണ് റീട്ടെയില്‍ വിഭാഗത്തിനു മാറ്റി വച്ചിട്ടുള്ളത്. ലോട്ട് സൈസ് 277 ഓഹരിയാണ്. ഓഹരികള്‍ ഒക്ടോബര്‍ 12 ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

സഞ്ജയ് ഗുപ്ത്, സോണിയ ഗുപത് എന്നിവരാണ് പ്ലാസ വയേഴ്സിന്റെ പ്രമോട്ടര്‍മാര്‍. ഇഷ്യുവിനുശേഷം പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 69.83 ശതമാനമായി കുറയും.

ഉത്പന്നങ്ങള്‍

വീട്ടാവശ്യത്തിനുള്ള വയറുകള്‍, വ്യാവസായികാവശ്യത്തിനുളള കേബിളുകള്‍, മോട്ടോറുകളുകള്‍ക്കുള്ള 1.1 കെവി ഗ്രേഡ് വയറുകള്‍, എല്‍ടി പവര്‍ കണ്‍ട്രോള്‍, ടിവി ഡിഷ് ആന്റിന ആക്സിയല്‍ കേബിള്‍സ്, ലാന്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങി വിവിധ മേഖലകള്‍ക്കുള്ള കേബിളുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. മറ്റു കമ്പനികള്‍ക്ക് അവരുടെ ആവശ്യപ്രകാരമുള്ള കേബിളുകള്‍ നിര്‍മിച്ചു നല്‍കും.

ഉത്തര്‍പ്രദേശ്, ഉത്തര്‍ഖണ്ഡ്, ജമ്മു കശ്മിര്‍, പഞ്ചാബ്, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി 20 വില്‍പ്പനാനന്തര ഓഫീസുകളുണ്ട്. മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍, വിതരണ ബോര്‍ഡ് (ഡിബി) തുടങ്ങിയവയും കമ്പനി നിര്‍മിക്കുന്നു. രാജ്യമൊട്ടാകെ 1249 അംഗീകൃത ഡിലര്‍മാരും വിതരണക്കാരുമുണ്ട് കമ്പനിക്ക്.

2022-23ല്‍ കമ്പനി 182.6 കോടി രൂപ വരുമാനവും 7.51 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. തൊട്ട് മുന്‍വര്‍ഷം ഇത് യഥാക്രമം 176.94 കോടി രൂപയും 4.24 കോടി രൂപയും വീതമായിരുന്നു. കമ്പനിയുടെ അറ്റാദായ മാര്‍ജിന്‍ 2020-21 ലെ 2.91 ശതമാനത്തില്‍നിന്ന് ഇക്കഴിഞ്ഞ വര്‍ഷം 4.11 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ ഓഹരി മൂലധനം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം 53.08 കോടി രൂപയാണ്.

ഫിന്‍കെയറിന് അനുമതി

സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 625 കോടി രൂപയുടെ പബ്ളിക് ഇഷ്യുവിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നല്‍കി. പത്തു രൂപയായിരിക്കും ഓഹരിയുടെ മുഖവില. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഇഷ്യു.

കൊല്‍ക്കൊത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ വെസ്റ്റേണ്‍ കാരിയേഴ്സിന് 500 കോടി രൂപയുടെ പബ്ലിക് ഇഷ്യു നടത്താന്‍ സെബി അനുമതി നല്‍കി. ഇതില്‍ 93.29 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും.

Tags:    

Similar News