ഈയാഴ്ച 1 ഐപിഒയും 3 ലിസ്‍റ്റിംഗും മാത്രം

  • ആരോഹെഡ് സെപ്പറേഷൻ എന്‍ജിനീയറിംഗിന്‍റെ ഐപിഒ 16 മുതല്‍
  • മെയിന്‍ ബോര്‍ഡില്‍ ഈ വാരത്തില്‍ ഒറ്റ ഐപിഒ-യും ഇല്ല
  • എഎസ്കെ ഓട്ടോമോട്ടീവ് 15ന് വിപണിയില്‍ അരങ്ങേറ്റം കുറിക്കും

Update: 2023-11-12 05:15 GMT

ദീപാവലി കഴിഞ്ഞു വരുന്ന ആഴ്ചയിൽ പ്രാഥമിക ഓഹരി വിപണിയില്‍ തണുപ്പന്‍ അന്തരീക്ഷം. നവംബർ 12-ന് ആരംഭിക്കുന്ന ആഴ്‌ചയിൽ മെയില്‍ ബോർഡ് വിഭാഗത്തില്‍ ഒരു ഐപിഒ-യും ഇല്ല. എസ്എംഇ വിഭാഗത്തിലാകട്ടെ ഒരു ഐപിഒ മാത്രമാണ്. പുതുതായി മൂന്ന് ഓഹരികളുടെ ലിസ്‍റ്റിംഗും ഈ വിപണി വാരത്തില്‍ നടക്കും. 

പ്രോട്ടീന്‍ ഇഗവ് ടെക്നോളീസ്

മുംബൈ ആസ്ഥാനമായുള്ള  ഇ-ഗവേണൻസ് സൊല്യൂഷൻസ് കമ്പനിയായ പ്രോട്ടീന്‍ ഇഗവ് ടെക്നോളീസ് നവംബർ 13-ന് (T+3 ടൈംലൈൻ) ഓഹരി വിപണികളിൽ അരങ്ങേറ്റം കുറിക്കുന്നു.കഴിഞ്ഞയാഴ്ച നടന്ന ഐപിഒ-യ്ക്ക് മികച്ച സ്വീകാര്യതയാണ് നിക്ഷേപകരില്‍ നിന്നുണ്ടായത്.   നവംബർ 6-8 കാലയളവിൽ നടന്ന 490 കോടി രൂപയുടെ ഐപിഒയില്‍ 23.86 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായി.

ഐപിഒ വിലയായ 792 രൂപയെ അപേക്ഷിച്ച് ഗ്രേ മാർക്കറ്റ് നിക്ഷേപകർ അതിന്റെ ഓഹരി വിലയ്ക്ക് 10 ശതമാനം പ്രീമിയം നൽകിയെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ലിസ്റ്റിംഗ് വരെ ഐപിഒ ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു അനൗദ്യോഗിക പ്ലാറ്റ്‌ഫോമാണ് ഗ്രേ മാർക്കറ്റ്.

എഎസ്കെ ഓട്ടോമോട്ടീവ്

ഗുരുഗ്രാം ആസ്ഥാനമായുള്ള വാഹന ഘടക നിർമ്മാതാക്കളായ എഎസ്കെ ഓട്ടോമോട്ടീവ് നവംബർ 15 ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഇക്വിറ്റി ഓഹരികള്‍ ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പ്രോസ്‌പെക്ടസിൽ പ്രസിദ്ധീകരിച്ച ഐപിഒ ഷെഡ്യൂൾ പ്രകാരം നവംബർ 20 നാണ് ലിസ്റ്റിംഗ് നടക്കേണ്ടത്.

നവംബർ 7-9 കാലയളവിൽ നടന്ന 834 കോടി രൂപയുടെ പബ്ലിക് ഇഷ്യൂവില്‍  51.14 മടങ്ങ് സബ്‍സ്ക്രിപ്ഷന്‍ നടന്നു. ബ്രേക്ക് ഷൂ, അഡ്വാൻസ്ഡ് ബ്രേക്കിംഗ് സിസ്റ്റം വിഭാഗത്തിൽ 50 ശതമാനത്തിലധികം വിപണി വിഹിതമുള്ള കമ്പനിയുടെ ഓഹരികള്‍, ഗ്രേ വിപണിയില്‍ ഇഷ്യു വിലയായ 282 രൂപയെ അപേക്ഷിച്ച് 18 ശതമാനം പ്രീമിയത്തിലാണ് വില്‍പ്പനയെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. 

ബാബ ഫുഡ് പ്രോസസിംഗ് ഇന്ത്യ

ഐപിഒ ഷെഡ്യൂൾ പ്രകാരം അഗ്രോ-ഫുഡ് മാനുഫാക്ചറിംഗ് കമ്പനിയായ ബാബ ഫുഡ് പ്രോസസിംഗ് ഇന്ത്യ നവംബർ 16 ന് എൻഎസ്ഇ എമർജിൽ അരങ്ങേറും.

നവംബർ 3-7 കാലയളവിൽ നടന്ന 33 കോടി രൂപയുടെ ബുക്ക് ബിൽറ്റ് പബ്ലിക് ഇഷ്യു 66 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഈ ഓഫർ പൂര്‍ണമായും കമ്പനിയുടെ പുതിയ ഓഹരികളുടെ ഇഷ്യൂ ആയിരുന്നു, പ്രൈസ് ബാൻഡ് ഒരു ഷെയറിന് 72-76 രൂപയായിരുന്നു.

ആരോഹെഡ് സെപ്പറേഷൻ എന്‍ജിനീയറിംഗ്

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡ്രയർ നിർമ്മാണ കമ്പനിയായ ആരോഹെഡ് സെപ്പറേഷൻ എന്‍ജിനീയറിംഗിന്‍റെ  13 കോടി രൂപയുടെ ഐപിഒ ബിഎസ്ഇ എസ്എംഇയിൽ നവംബർ 16ന് തുറക്കും. ഒരു ഓഹരിക്ക് 233 രൂപയാണ് വില. 

നവംബർ 20-ന് അവസാനിക്കുന്ന ഈ ഫിക്സഡ് പ്രൈസ് ഇഷ്യൂവിൽ കമ്പനിയുടെ ഒരു പുതിയ ഇഷ്യു മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് പുറമെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ഇഷ്യൂവിലൂടെ ലഭിക്കുന്ന വരുമാനം വിനിയോഗിക്കും.

Tags:    

Similar News