പുതുവര്‍ഷത്തില്‍ ഐപിഒ സമാഹരണം 5000 കോടി ഡോളറിലേക്ക് എത്തിയേക്കും

    Update: 2024-01-10 10:23 GMT

    ഐപിഒ, ഡീല്‍ മേക്കിംഗ് പ്രവര്‍ത്തനങ്ങള്‍ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ വേഗതത്തിലായേക്കും. കൂടാതെ, ഇക്വിറ്റി ഇഷ്യുകളിലും ഇടപാടുകളിലുമായി ഏകദേശം 5000 കോടി ഡോളര്‍ സമാഹരിച്ച് 2021 ലെ റെക്കോര്‍ഡ് മറികടന്നേക്കാമെന്നും കോട്ടക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് റിപ്പോര്‍ട്ട്.

    പുതുതലമുറ ടെക് കമ്പനികളുടെ നേതൃത്വത്തിലുള്ള പ്രാഥമിക വിപണിയില്‍ ഈ വര്‍ഷം ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധ്യതയുണ്ടെന്നും മൊത്തത്തിലുള്ള ഫണ്ടിംഗ് മാര്‍ക്കറ്റിനൊപ്പം ഏകദേശം 5000 കോടി ഡോളര്‍ ഒഴുക്കുണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ് രമേഷ് അഭിപ്രായപ്പെട്ടു.

    ആഭ്യന്തര ഫണ്ടുകള്‍ 2023 ല്‍ വിപണിയിലേക്ക് 2580 കോടി ഡോളറാണ് എത്തിച്ചത്. നിഫ്റ്റിയുടെ ഒരു വര്‍ഷത്തെ ഫോര്‍വേഡ് പ്രീമിയം 20.1 മടങ്ങ് റെക്കോര്‍ഡ് ഉയരത്തിലാണ്. ഇത് വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണ്. കൂടാതെ 10 വര്‍ഷത്തെ ശരാശരി പ്രീമിയം 17.7 മടങ്ങായി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    കൂടുതല്‍ വലിയ ഐപിഒ-കൾ വിപണിയിൽ 

    ഈ വര്‍ഷം കൂടുതല്‍ വലിയ ഐപിഒ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വി ജയശങ്കര്‍ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാഞ്ചാട്ടം പ്രാഥമിക വിപണി പ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാന്‍ സാധ്യതയില്ല, കാരണം സാധാരണയായി വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അവസാനിക്കാറുണ്ട്. 2023 ല്‍ പ്രധാന ഐപിഒകളായി 59 എണ്ണവും 182 എസ്എംഇ ഐപിഒകളുമാണ് നടന്നത്. ഇത് ഐപിഒ വഴി ഏറ്റവുമധികം പണം സമാഹരിച്ച യുഎസ്, ചൈന, ജപ്പാന്‍ എന്നീ വിപണികള്‍ക്കു ശേഷം ദലാല്‍ സ്ട്രീറ്റിനെ ലോകത്തിലെ നാലാമത്തെ വലിയ വിപണിയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യ സമാഹരിച്ചത് ഏകദേശം 53,000 കോടി രൂപയാണ്.

    ഇടപാടുകളുടെ കാര്യം വരുമ്പോള്‍, 2019 നും 2023 നും ഇടയില്‍ മൊത്തം വാങ്ങലുകള്‍ 5500 കോടി ഡോളറാണ്, ഇത് 15 വര്‍ഷത്തെ മൊത്തം മൂല്യത്തെ മറികടക്കുന്ന തുകയാണ്. ബാങ്കര്‍മാരുടെ അഭിപ്രായത്തില്‍, പ്രമോട്ടര്‍ കുടുംബങ്ങള്‍ മൂല്യനിര്‍മ്മാണത്തിനായി കമ്പനികളുടെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നതാണ് ഇതിനുള്ള പ്രധാന കാരണം.

    നിക്ഷേപ അവസരങ്ങള്‍ക്കായി കൂടുതല്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ധനസമാഹരണ ശ്രമങ്ങള്‍ തന്ത്രപരമായി വൈവിധ്യവത്കരിക്കുകയും ധനസമാഹരണത്തിനായി ഡെറ്റിന്റെയും ഇക്വിറ്റിയുടെയും മിശ്രിതം ഉള്‍പ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് അവരുടെ ശുഭാപ്തിവിശ്വാസത്തിന്റെ പിന്നിലെ മറ്റൊരു കാരണമെന്നും പഠനം പറയുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 20 യൂണികോണുകള്‍ കാണാന്‍ സാധ്യതയുണ്ട്, ഇത് ഏകദേശം 1000 കോടി ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

    Tags:    

    Similar News