ബവേജ സ്റ്റുഡിയോസ്, മായങ്ക് കാറ്റിൽ ഫുഡ് ഐപിഒകൾക്ക് തുടക്കം
- ബവേജ സ്റ്റുഡിയോസ് ഇഷ്യൂ വഴി 97.20 കോടി രൂപ സ്വരൂപിക്കും
- മായങ്ക് കാറ്റിൽ ഫുഡ് ഇഷ്യൂ ജനുവരി 31-ന് അവസാനിക്കും
പ്രൊഡക്ഷൻ കമ്പനിയായ ബവേജ സ്റ്റുഡിയോസ് ഐപിഒയ്ക്ക് തുടക്കമായി. ഇഷ്യൂ വഴി 54 ലക്ഷം ഓഹരികൾ വിറ്റ് 97.20 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 72 കോടി രൂപയുടെ പുതിയ ഇഷ്യൂവും 25.20 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. ജനുവരി 29-ന് ആരംഭിച്ച ഇഷ്യൂ ഫെബ്രുവരി ഒന്നിന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 170-180 രൂപയാണ്. കുറഞ്ഞത് 800 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 144,000 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി രണ്ടിന് പൂർത്തിയാവും. ഓഹരികൾ ഫെബ്രുവരി ആറിന് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
2001 ൽ സ്ഥാപിതമായ ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് സിനിമകളുടെ നിർമ്മാണ കമ്പനിയാണ്. ചാർ സാഹിബ്സാദെ, ലവ് സ്റ്റോറി 2050, ഖയാമത്ത്, ബൗകാൽ തുടങ്ങിയ ഹിന്ദി, പഞ്ചാബി സിനിമകൾ കമ്പനിയുടെ നിർമ്മിച്ച ചില സിനിമകളാണ്. ഇതിനു പുറമെ സിനിമയുടെ അവകാശം കച്ചവടം ചെയ്യുന്ന ബിസിനസും കമ്പനിക്കുണ്ട്. കമ്പനി നിർമ്മാതാക്കളിൽ നിന്ന് അവകാശങ്ങൾ വാങ്ങുകയും അവ എക്സിബിറ്റർമാർക്കും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്കും വിൽക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ സിനിമകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കണ്ടൻ്റ് പ്രൊഡക്ഷൻ ഹൗസും കൂടിയാണ് ബവേജ സ്റ്റുഡിയോസ്.
ഡിജിറ്റൽ സിനിമകൾ, വെബ് സീരീസ്, ആനിമേഷൻ സിനിമകൾ, പഞ്ചാബി സിനിമകൾ, പരസ്യ സിനിമകൾ, മ്യൂസിക് വീഡിയോകൾ തുടങ്ങി വിവിധ മേഖലകളിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മായങ്ക് കാറ്റിൽ ഫുഡ്
മായങ്ക് കാറ്റിൽ ഫുഡ് ഇഷ്യൂ വഴി 18 ലക്ഷം ഓഹരികൾ നൽകി 19.44 കോടി രൂപ സ്വരൂപിക്കും. ജനുവരി 29-ന് ആരംഭിച്ച ഇഷ്യൂ 31-ന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 108 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 129,600 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി ഒന്നിന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ഫെബ്രുവരി അഞ്ചി-ന് ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക പ്ലാൻ്റുകളും മെഷിനറികളും വാങ്ങുന്നതിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ, പൊതു കോർപ്പറേറ്റ് ആവശ്യമാണ് എന്നിവക്കായി ഉപയോഗിക്കും.
1998-ൽ സ്ഥാപിതമായ മായങ്ക് കാറ്റിൽ ഫുഡ് ലിമിറ്റഡ് കാലി തീറ്റ, പിണ്ണാക്ക്, ഭക്ഷ്യ എണ്ണ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു എണ്ണ കമ്പനിയാണ്.
ഗുജറാത്തിലെ രാജ്‌കോട്ടിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന നിർമ്മാണ കേന്ദ്രമാണ് കമ്പനിക്കുള്ളത്. ഇ ഏകദേശം 87,133 ചതുരശ്ര അടി വിസ്തൃതിയിലാണ് കേന്ദ്രം സ്ഥിതി ചെയുന്നത്. ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.