ഐപിഒക്കൊരുങ്ങി ബജാജ് ഹൗസിംഗ് ഫിനാൻസ്; ലക്ഷ്യം 7,000 കോടി രൂപ
- ആർബിഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിനാണ് ഓഹരി വിൽപ്പന
- മാതൃ സ്ഥാപനമായ ബജാജ് ഫിനാൻസ് 3,000 കോടി രൂപയുടെ ഓഹരികൾ വിൽക്കും
- സാമ്പത്തിക വർഷത്തിൽ കമ്പനി 1,731 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി
പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 7,000 കോടി രൂപ സമാഹരിക്കാൻ ബജാജ് ഹൗസിംഗ് ഫിനാൻസ്. ഐപിഒയ്ക്കായുള്ള കരട് പത്രിക കമ്പനി മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് സമർപ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) അനുസരിച്ച് ഐപിഒയിൽ 4,000 കോടി രൂപയുടെ പുതിയ ഇഷ്യൂവും മാതൃ സ്ഥാപനമായ ബജാജ് ഫിനാൻസ് വിൽക്കുന്ന 3,000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക ഭാവി മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
2025 സെപ്‌റ്റംബറോടെ ഉയർന്ന തലത്തിലുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ ഓഹരികൾ ലിസ്‌റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിയന്ത്രണങ്ങൾ പാലിക്കുന്നതിനാണ് ഓഹരി വിൽപ്പന. ആർബിഐ എൻബിഎഫ്‌സിയെ "അപ്പർ ലെയർ" ആയി തരംതിരിച്ചിട്ടുണ്ട്.
2015 സെപ്തംബർ മുതൽ നാഷണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായങ്ങൾ കമ്പനി നൽകുന്നു. കമ്പനിയുടെ വായ്പ ഉൽപ്പന്നങ്ങളിൽ ഭവനവായ്പകൾ, വസ്തു വായ്പകൾ, വാടക കിഴിവ്, ഡെവലപ്പർ ഫിനാൻസിങ് എന്നിവ ഉൾപ്പെടുന്നു.
അവലോകന സാമ്പത്തിക വർഷത്തിൽ കമ്പനി 1,731 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തിലെ 1,258 കോടി രൂപയിൽ നിന്ന് 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഹൗസിംഗ് ഫിനാൻസ് കമ്പനികളായ ആധാർ ഹൗസിംഗ് ഫിനാൻസ്, ഇന്ത്യ ഷെൽട്ടർ ഫിനാൻസ് എന്നിവ അടുത്തിടെ വിപണിയിലെത്തിയിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ഗോൾഡ്മാൻ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ എന്നിവയാണ് കമ്പനിയുടെ ലീഡ് മാനേജർമാർ.