ബെയിൻ ക്യാപിറ്റൽ പിന്തുണയ്കുന്ന എംക്യുർ ഫാർമയുടെ ഐപിഒ ജൂലൈ 3ന്

  • ഇഷ്യൂ ജൂലൈ 5-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 960-1008 രൂപ
  • ഓഹരികൾ ജൂലൈ 10-ന് ലിസ്റ്റ് ചെയ്യും

Update: 2024-07-01 09:29 GMT

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എംക്യുർ ഫാർമയുടെ ഐപിഒ ജൂലൈ 3-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1.93 കോടി ഓഹരികൾ നൽകി 1,952 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 800 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1,152 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 960-1008 രൂപയാണ്. കുറഞ്ഞത് 14 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,112 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 15 ലോട്ടുകളാണ് (210 ഓഹരികൾ), തുക 211,680 രൂപ. ബിഎൻഐഐക്ക് ഇത് 71 ലോട്ടുകളാണ് (994 ഓഹരികൾ), തുക 1,001,952 രൂപ.

ഇഷ്യൂ ജൂലൈ 5-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 8-ന് പൂർത്തിയാവും. ഓഹരികൾ ജൂലൈ 10-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

പ്രമോട്ടർമാരായ സതീഷ് രാമൻലാൽ മേത്ത, സുനിൽ രജനികാന്ത് മേത്ത, നമിത വികാസ് ഥാപ്പർ, സമിത് സതീഷ് മേത്ത, യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി മേജർ ബെയ്ൻ ക്യാപിറ്റലിൻ്റെ അഫിലിയേറ്റ് ആയ ബിസി ഇൻവെസ്റ്റ്‌മെൻ്റ് IV ലിമിറ്റഡ് തുടങ്ങിയവരാണ് ഓഫർ ഫോർ സെയിൽ വഴി ഓഹരികൾ വിൽക്കുന്നത്.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടങ്ങളുടെ തിരിച്ചടവിനും മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായും ഉപയോഗിക്കും.

ഇഷ്യൂവിന്റെ 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായി (ക്യുഐബി) മാറ്റിവെച്ചിരിക്കുന്നു. 15 ശതമാനം സ്ഥാപനമേതര സ്ഥാപന നിക്ഷേപകർക്കും (എൻഐഐ) 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും നീക്കിവച്ചിരിക്കുന്നു.

1981-ൽ സ്ഥാപിതമായ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിരവധി പ്രധാന ചികിത്സാ മേഖലകളിലുടനീളം വൈവിധ്യമാർന്ന ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ആഗോളതലത്തിൽ വിൽക്കുകയും ചെയ്യുന്നു. എംക്യൂർ ഫാർമയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ കുത്തിവയ്പ്പുകൾ, ബയോതെറാപ്പിറ്റിക്‌സ്, ഓറൽസ് എന്നിവ ഉൾപ്പെടുന്നു. യൂറോപ്പ്, കാനഡ, ഇന്ത്യയുൾപ്പെടെയുള്ള 70-ലധികം രാജ്യങ്ങളിലെ വിപണികളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്‌സിസ് ക്യാപിറ്റൽ, ജെപി മോർഗൻ ഇന്ത്യ, ജെഫറീസ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. 

Tags:    

Similar News