ഐനോക്‌സ്, സ്റ്റാൻലി ലൈഫ്‌സ്റ്റൈൽസ് ഐപിഒകൾക്ക് സെബിയുടെ അനുമതി
- ഐനോക്‌സ് ഇന്ത്യയുടെ പ്രൊമോട്ടർ വിൽക്കുന്നത് 2.21 കോടി ഓഹരികൾ
- സ്റ്റാൻലി ലൈഫ്‌സ്റ്റൈൽ ഐപിഒയിൽ 200 കോടി രൂപയുടെ പുതിയ ഓഹരികൾ
- ഡിആർഎച്പി സമർപ്പിച്ചതായി ആൾപെക്സ് സോളാർ
ക്രയോജനിക് ടാങ്ക് നിർമ്മാതാക്കളായ ഐനോക്‌സ് ഇന്ത്യയ്ക്കും ആഡംബര ഫർണിച്ചർ ബ്രാൻഡായ സ്റ്റാൻലി ലൈഫ്‌സ്റ്റൈൽസിനും സെബിയിൽ നിന്നും ഐപിഒക്കുള്ള അനുമതി ലഭിച്ചു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രാഥമിക ഇഷ്യൂവിനുള്ള പേപ്പറുകൾ സമർപ്പിച്ച രണ്ട് കമ്പനികൾക്കും നവംബർ 29-30 തിയ്യതികളിലായി മാർക്കറ്റ് റെഗുലേറ്ററിൽ നിന്നും നിരീക്ഷണ കത്തുകൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നുള്ള നിർദ്ദേശങ്ങൾ ചൊവ്വാഴ്ച സെബിയിൽ നിന്നും കമ്പനികൾക്ക് ലഭിച്ചു.
ഡ്രാഫ്റ്റ് പേപ്പർ അനുസരിച്ച് ഐനോക്‌സ് ഇന്ത്യയുടെ ഇഷ്യ പ്രൊമോട്ടർ വിൽക്കുന്ന 2.21 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ മാത്രമാണ്. വഡോദര ആസ്ഥാനമായുള്ള കമ്പനിക്ക് ഇഷ്യൂവിൽ നിന്നും തുകയൊന്നും ലഭിക്കില്ല.
ഡിആർഎച്പി അനുസരിച്ച് സ്റ്റാൻലി ലൈഫ്‌സ്റ്റൈൽ ഐപിഒയിൽ 200 കോടിയുടെ പുതിയ ഓഹരികളുടെ വില്പനയും പ്രൊമോട്ടർ വിൽക്കുന്ന 90.13 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സൈലുമാണ് ഉൾപ്പെടുന്നത്.
പുതിയ ഇഷ്യൂവിന്റെ വിതരണത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും 90.13 കോടി പുതിയൊരു യൂണിറ്റ് തുടങ്ങാനും 39.99 കോടി രൂപയുടെ ചെലവിൽ ഒരു അങ്കോർ സ്റ്റോർ തുടങ്ങാനും നിലവിലെ എല്ലാ സ്റ്റോറുകളുടെ നവീകരണത്തിനായി 10.04 കോടി രൂപയും സ്റ്റാൻലി ലൈഫ്‌സ്റ്റൈൽ ഉപയോഗിക്കും.
ആൾപെക്സ് സോളാർ
ഓഹരികളുടെ വിതരണത്തിനായി പ്രാഥമിക വിപണിയിലെത്താൻ എൻഎസ്ഇ എമെർജിൽ ഡിആർഎച്പി സമർപ്പിച്ചതായി ആൾപെക്സ് സോളാർ അറിയിച്ചു.
ഇഷ്യൂവിലൂടെ പത്തു രൂപ മുഖവിലയുള്ള 64.80 ലക്ഷം ഓഹരികളുടെ വില്പനക്കാണ് കമ്പനി ഒരുങ്ങുന്നത്.
ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്ന തുകയെത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മൊത്തം സമാഹരിക്കുന്ന തുകയിൽ നിന്നും 19.55 കോടി രൂപ കമ്പനിയുടെ ശേഷി 750 മെഗാവാട്ടാക്കി നവീകരിക്കാനും വികസിപ്പിക്കാനും വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സോളാർ മൊഡ്യൂളിന്റെ അലുമിനിയം ഫ്രെയിം നിർമിക്കുന്നതിനുള്ള പുതിയ യൂണിറ്റിനായി 19.55 കോടി രൂപയും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി 20.49 കോടി രൂപയും പൊതു കോർപ്പറേറ്റ് ചെലവുകൾക്കായി 20.49 കോടി രൂപയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി.
ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള കമ്പനി ബി 2 ബി വിപണിയിൽ സോളാർ പാനലുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു, കൂടാതെ ലൂമിനസ്, ജാക്‌സൺ, ടാറ്റ പവർ തുടങ്ങിയ നിരവധി വലിയ കമ്പനികളുടെ കരാർ നിർമ്മാതാവായും പ്രവർത്തിക്കുന്നു.