അലൈഡ് ബ്ലെൻഡേഴ്സ് ഐപിഒ ജൂൺ 25ന്
- ഇഷ്യൂ ജൂൺ 27-ന് അവസാനിക്കും
- ഓഹരിയുടെ പ്രൈസ് ബാൻഡ് 267 മുതൽ 281 രൂപ
- ഒരു ലോട്ടിൽ 53 ഓഹരികൾ
ഓഫീസർ ചോയ്സ് വിസ്കിയുടെ ഉത്പാദകരായ ലൈഡ് ബ്ലെൻഡേഴ്സ് ഐപിഒ ജൂൺ 25ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 1000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും 500 രൂപയുടെ പുതിയ ഇഷ്യൂവുമാണ് ഉൾപ്പെടുന്നത്. പ്രമോട്ടർമാരായ ബീന കിഷോർ ഛാബ്രിയയും രേഷം ഛബ്രിയ ജിതേന്ദ്ര ഹേംദേവും ഒഎഫ്എസിലൂടെ ഓഹരികൾ വിൽക്കും.
രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 267 മുതൽ 281 രൂപയാണ്. കുറഞ്ഞത് 53 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,893 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (742 ഓഹരികൾ), തുക 208,502 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (3,604 ഓഹരികൾ), തുക 1,012,724 രൂപ.
ഇഷ്യൂ ജൂൺ 27-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 28-ന് പൂർത്തിയാവും. ഓഹരികൾ ജൂലൈ രണ്ടിന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടങ്ങളുടെ തിരിച്ചടവിനും മറ്റു കോർപ്പറേറ്റ് ആവിശ്യങ്ങൾക്കുമായി ഉപയോഗിക്കും.
കിഷോർ രാജാറാം ഛാബ്രിയ, ബീന കിഷോർ ഛാബ്രിയ, രേഷം ഛബ്രിയ ജീതേന്ദ്ര ഹേംദേവ്, ബീന ഛബ്രിയ എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ബികെസി എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഓറിയൻ്റൽ റേഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, ഓഫീസേഴ്‌സ് ചോയ്‌സ് സ്പിരിറ്റ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
1988-ൽ ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി അവതരിപ്പിച്ചാണ് അലൈഡ് ബ്ലെൻഡേഴ്‌സ് മുഖ്യധാരാ പ്രീമിയം വിസ്‌കി വിപണിയിൽ പ്രവേശികുന്നത്. കമ്പനി ദേശീയ അന്തർദേശീയ തലത്തിൽ മദ്യം ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഉൽപ്പന്ന നിരയിൽ വോഡ്ക, റം, വിസ്കി, ബ്രാണ്ടി എന്നിവയുൾപ്പെടെ നിരവധി ഐഎംഎഫ്എൽ ബ്രാൻഡുകൾ ഉൾപ്പെടുന്നുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ലിമിറ്റഡ്, ഐടി ക്യാപിറ്റൽ ലിമിറ്റഡ് എന്നിവ അലൈഡ് ബ്ലെൻഡേഴ്‌സ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്, ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.