സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
- ലോഹത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തി ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണത്തിനും വെള്ളി ആഭരണങ്ങള്‍ക്കുമുള്ള ഒരു ഹാള്‍മാര്‍ക്കിംഗ് സംവിധാനമാണ് ബിഐഎസ് മാര്‍ക്
- സ്വര്‍ണത്തിന്റെ പ്യൂരിറ്റി ആകെ ആറ് ഗ്രേഡുകളിലാണുള്ളത്
- സ്വര്‍ണത്തിന്റെ പരിശുദ്ധി അഥവാ പ്യൂരിറ്റി അടിസ്ഥാനപ്പെടുത്തിയാണ് വില നിശ്ചയിക്കുന്നത്
അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കഴിയുമ്പോള്‍ വര്‍ധിച്ചുവരികയാണ്.
ഈ നാളില്‍ സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നതു കൊണ്ടാണ് തിരക്ക് വര്‍ധിച്ചുവരുന്നത്.
എന്നാല്‍ ഈ ഡിമാന്‍ഡ് മുന്‍കൂട്ടി കണ്ട് ചില ജ്വല്ലറികള്‍ വില്‍ക്കുന്ന സ്വര്‍ണം അവര്‍ അവകാശപ്പെട്ട കാരറ്റിനേക്കാള്‍ കുറവാണെന്ന പരാതി പൊതുവേ കസ്റ്റമേഴ്‌സ് പങ്കുവച്ചിട്ടുണ്ട്.
ശുദ്ധമായ 22 കാരറ്റ് സ്വര്‍ണമാണെന്ന് അവകാശപ്പെട്ട് ചില ജ്വല്ലറികള്‍ വില്‍ക്കുന്നത് യഥാര്‍ഥത്തില്‍ അതായിരിക്കില്ല. അതിന്റെ പരിശുദ്ധി കുറവായിരിക്കാം. അതിനാല്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഹാള്‍ മാര്‍ക്കിംഗ് അടയാളങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അവ വളരെ പ്രധാനമാണ്. കൂടാതെ ജ്വല്ലറിയുടെ കാരറ്റ് മീറ്റര്‍ മെഷീനില്‍ കാരറ്റ് പരിശോധിക്കുകയും ചെയ്യണം.
എച്ച്‌യുഐഡി നമ്പര്‍ (HUID number )
ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നതാണ് ഇതിന്റെ പൂര്‍ണരൂപം.
ഇതൊരു ആറക്ക കോഡാണ്. നമ്പറുകളും ലെറ്ററുകളും അടങ്ങുന്നതാണിത്. ഈ നമ്പറിലൂടെ
നമ്മള്‍ വാങ്ങുന്ന ഓരോ സ്വര്‍ണത്തിന്റെയും പരിശുദ്ധി അറിയാനാകും.
ഓരോ സ്വര്‍ണാഭരണത്തിനും എച്ച്‌യുഐഡി നമ്പര്‍ ലഭിക്കുന്നത് അതിന്റെ പരിശുദ്ധിയും ഗുണനിലവാരവും പരിശോധിച്ച ശേഷമാണ്.
ബിഐഎസ് മാര്‍ക്
ലോഹത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തി ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണത്തിനും വെള്ളി ആഭരണങ്ങള്‍ക്കുമുള്ള ഒരു ഹാള്‍മാര്‍ക്കിംഗ് സംവിധാനമാണ് ബിഐഎസ് മാര്‍ക്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ചിട്ടുള്ള ഒരു കൂട്ടം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ആഭരണം നിര്‍മിച്ചിട്ടുള്ളതെന്ന് ഇതിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
ത്രികോണ ആകൃതിയിലാണ് ബിഐഎസ് ലോഗോ. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ കേന്ദ്രത്തില്‍ പരിശുദ്ധി പരിശോധിച്ച സ്വര്‍ണാഭരണങ്ങളില്‍ മാത്രമാണ് ബിഐഎസ് മാര്‍ക് മുദ്രണം ചെയ്യുന്നത്.
സ്വര്‍ണത്തിന്റെ പരിശുദ്ധി അഥവാ പ്യൂരിറ്റി അടിസ്ഥാനപ്പെടുത്തിയാണ് വില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ പ്യൂരിറ്റി ആകെ ആറ് ഗ്രേഡുകളിലാണുള്ളത്.
14 കാരറ്റ്
18 കാരറ്റ്
20 കാരറ്റ്
22 കാരറ്റ്
23 കാരറ്റ്
24 കാരറ്റ്
എന്നിവയാണ് ആറ് ഗ്രേഡുകള്‍.