യുദ്ധം; അന്താരാഷ്ട്ര സ്വര്‍ണവില 3000 ഡോളറിലെത്തിയേക്കും

  • വരാനിരിക്കുന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പും പൊന്നിന് മാറ്റുകൂട്ടി
  • ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഇനിയും കുറയ്ക്കുമെന്ന സൂചനയും നിലവിലുണ്ട്
  • ഇക്വിറ്റി മാര്‍ക്കറ്റുകളിലെ ചലനങ്ങളും സ്വര്‍ണവിലയെ ബാധിച്ചു

Update: 2024-10-23 07:47 GMT

അന്താരാഷ്ട്ര സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ 2752 ഡോളറും മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും,

യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

നിലവിലുള്ള സാഹചര്യങ്ങള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ സ്വീകാര്യത പതിന്മടങ്ങ് വര്‍ധിപ്പിക്കുകയാണ്. ഈ വര്‍ഷം റെക്കോര്‍ഡുകള്‍ നിരവധി സൃഷ്ടിച്ച് സ്വര്‍ണവില 32%-ത്തിലധികം ഉയര്‍ന്നു. കുറഞ്ഞ പലിശ നിരക്ക് സ്വര്‍ണം കൈവശം വയ്ക്കുന്നതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

പശ്ചിമേഷിയിലെ യുദ്ധങ്ങള്‍ തുടരുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര വില 3000 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് വരുന്നത്. ഇക്വിറ്റി മാര്‍ക്കറ്റുകളിലെ ചലനങ്ങളും ക്രിപ്റ്റോകറന്‍സിയുടെ താഴോട്ടുള്ള പ്രവണതയും സ്വര്‍ണ വില വര്‍ധിക്കുന്നതിന് മറ്റൊരു കാരണമാണ്.

ഫെഡറല്‍ റിസര്‍വ് വരാനിരിക്കുന്ന നവംബര്‍ മീറ്റിംഗില്‍ 25 ബിപിഎസ് പലിശ നിരക്ക് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതും, ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളുമെല്ലാം സ്വര്‍ണത്തിന് വില കൂടുമെന്നുള്ള പ്രവചനങ്ങളിലേക്കാണ് നയിക്കുന്നത്. വില 2800 ഡോളറിലേക്ക് ഈയാഴ്ച തന്നെ എത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News