ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിരികെക്കയറി സ്വര്‍ണം
- വെള്ളിവിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി
- ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ മുന്നേറ്റം
ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 30 രൂപ ഉയര്‍ന്ന് 5600 രൂപയായി, പവന് ഇന്ന് 240 രൂപ വര്‍ധിച്ച് 44,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി 720 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 33 രൂപ വര്‍ധിച്ച് 6,109 രൂപയാണ്. പവന് 264 രൂപ വര്‍ധിച്ച് 48,872 രൂപ.
ആഗോള തലത്തിലും സ്വര്‍ണവില ഇന്ന് മുന്നോട്ടുവന്നു. ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന വിലയിരുത്തല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ പ്രിയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഔണ്‍സിന് 1956 -1961 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.
വെള്ളി വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 80 പൈസയുടെ വര്‍ധനയോടെ 78 രൂപയായി. എട്ട് ഗ്രാമിന് 6.40 രൂപ വര്‍ധിച്ച് 616 രൂപയിലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം താഴ്ന്നു. ഒരു ഡോളറിന് 83.26 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്