സ്വര്‍ണത്തിന് ഇന്ന് കയറ്റം

  • കഴിഞ്ഞ 3 ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നു
  • ഡോളറിനെതിരേ രൂപയുടെ മൂല്യം മെച്ചപ്പെട്ടു

Update: 2023-11-14 07:52 GMT

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,555 രൂപയായി, പവന് ഇന്ന് 80 രൂപ വര്‍ധിച്ച് 44,440 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 11 രൂപ വര്‍ധിച്ച് 6,060 രൂപയാണ്. പവന് 88 രൂപ വര്‍ധിച്ച് 48,480 രൂപ.

ആഗോള തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1945 -1949 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

വെള്ളി വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 60 പൈസയുടെ വര്‍ധനയോടെ 76 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 4.80 രൂപ ഉയര്‍ന്ന് 608 രൂപയിലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടു. ഒരു ഡോളറിന് 83.22 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്

Tags:    

Similar News