വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം
- ധന്‍തേരസ് ദിവസം സ്വര്‍ണം, വെള്ളി, ചെമ്പ്, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ വാങ്ങുന്നത് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു.
- വില വര്‍ധന ഉത്സവ സീസണില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു
സ്വര്‍ണ വില കുതിക്കുന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വില ഇന്ന് (ഒക്ടോബർ 28 ) ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5740 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്ന് 45,920 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഹമാസിനെതിരെ ഇസ്രയേല്‍ പ്രഖ്യാപിച്ച യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയതാണ് ഈ വില വര്‍ധനയ്ക്ക് കാരണം.
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 66 രൂപ ഉയര്‍ന്ന് 6,262 രൂപയിലെത്തി. ഒരു പവന് 50,096 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ഉയര്‍ച്ചക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവിലയുള്ളത്.
ഈ മാസം 23 ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 25 രൂപയുടെ കുറവാണ് അന്ന് രേഖപ്പെടുത്തിയത്. നവംബര്‍ 10 ന് ധന്‍തേരസ് ദിനമായതിനാല്‍ സ്വര്‍ണം വാങ്ങാനുള്ള ശുഭ മുഹൂര്‍ത്തമായി കണക്കാക്കുന്നു. കൂടാതെ ഉത്സവ സീസണും കല്യാണ സീസണും സ്വര്‍ണത്തിന്റെ ആവശ്യകതയും വില്‍പ്പനയും ഉയര്‍ത്തിയിട്ടുണ്ട്.
ഇസ്രായേല്‍- ഹമാസ് യുദ്ധം 20 ദിനങ്ങള്‍ പിന്നിടുമ്പോള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ വര്‍ധിക്കുന്നതും കൂടാതെ ഡോളര്‍ ശക്തിപ്പെടുന്നതും ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 2006 ഡോളര്‍ എത്തി. ഒക്ടോബറില്‍ ആഭ്യന്തര വിപണിയില്‍ ഇതുവരെ ഏഴു ശതമാനത്തോളം വില ഉയർന്നിട്ടുണ്ട്.
ആഗോള വിപണിയില്‍ സെപ്റ്റംബറിലെ വിലയായ 1871 ഡോളറില്‍നിന്ന് ഒണ്‍സിന് ഇന്ന് 2006 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. വർധന 7 .3 ശതമാനം.
ആഭ്യന്തര സമ്പാദ്യത്തിലെ ഇടിവ്, ഓഹരി വിപണിയിലെ ചാഞ്ചാട്ടം, എഫ്എംസിജി വില്‍പ്പനയില്‍ നിന്നുള്ള ഗ്രാമീണ ഡിമാന്റിലെ സമ്മിശ്ര സിഗ്‌നലുകള്‍ എന്നിവയുള്‍പ്പെടെ സ്വര്‍ണ ഡിമാന്റ് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജിയണല്‍ സിഇഒ സോമസുന്ദരം പിആര്‍ പറഞ്ഞു.
വെള്ളി വില ഗ്രാമിന് 74.60 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 597 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.