ഇന്നും വിലകയറി; സ്വര്‍ണം പുതിയ റെക്കോഡ് വിലയില്‍
- 22 കാരറ്റ് സ്വര്‍ണം പവന് 46,000 രൂപയ്ക്ക് അരികെ
- 24 കാരറ്റ് സ്വര്‍ണം പവന് 50,000 ന് മുകളില്‍
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും പുതിയ റെക്കോഡ് നിലവാരത്തില്‍. ഇന്നലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 60 രൂപയുടെ വര്‍ധനയോടെ 5740 രൂപയില്‍ എത്തിയിരുന്നു. പുതിയ സര്‍വകാല റെക്കോഡാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഈ വര്‍ഷം മേയ് 5ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5720 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു, അതാണ് പഴങ്കഥയായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 1 രൂപയുടെ വര്‍ധയോടെ 5741 രൂപയിലെത്തി. പവന് 45928 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇന്ന് 1 രൂപയുടെ വര്‍ധനയുണ്ടായി. ഗ്രാമിന് 6263 രൂപയാണ് വില, പവന് 50104 രൂപ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന്‍റെയും ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ണണീയത കുതിച്ചുയര്‍ന്നതാണ് സമീപകാല മുന്നേറ്റത്തിന്‍റെ പ്രധാന കാരണം. ഹ്രസ്വകാലയളവില്‍ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിന്‍റെ പാതയിലായിരുന്നു. ആഗോള തലത്തില്‍ ഔണ്‍സിന് 2000 ഡോളറിന് മുകളിലേക്ക് സ്വര്‍ണ വില എത്തിയിട്ടുണ്ട്.