സ്വർണം ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
- സ്വര്‍ണം പവന് ഇന്ന് 480 രൂപയുടെ ഇടിവ്
- വെള്ളിവിലയിലും ഇന്ന് ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വില ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ന് കൂപ്പുകുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 60 രൂപയുടെ ഇടിവോടെ 5390 രൂപയാണ്. ഇതോടെ പവന് 43,120 രൂപയിലാണ് ഇന്ന് വ്യാപാരം, അതായത് 480 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5945 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത്.
യുഎസ് പലിശ നിരക്ക് ഉയരുമെന്ന ആശങ്കയില്‍ ഡോളര്‍ ശക്തിപ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതുമാണ് സ്വര്‍ണത്തെ താഴോട്ടേക്ക് വലിക്കുന്നത്. .ആഗോള തലത്തില്‍ ഔണ്‍സിന് 1,873-1878 ഡോളര്‍ എന്ന തലത്തിലാണ് വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബറിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 76.50 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 612 രൂപയാണ് വില. ഒരു ഡോളറിന് 83.17 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.