സ്വര്‍ണം 20 രൂപ കുറഞ്ഞു; ആശങ്ക ആശ്വാസത്തിലേക്ക് വഴി മാറുന്നു

  • പവന് 160 രൂപ കുറഞ്ഞ് 45400 രൂപയുമായി
  • ആഗോള വിപണിയിലും കുറവിന്റെ ട്രെന്‍ഡിലാണ് സ്വര്‍ണ്ണം
  • വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 78 രൂപ

Update: 2023-12-12 09:21 GMT

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വസിക്കാം. ഇന്നും വില കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,675 രൂപയിലേക്ക് എത്തി. പവന് 160 രൂപ കുറഞ്ഞ് 45400 രൂപയുമായി. മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് സ്വര്‍ണ്ണ വിലയുള്ളത്. ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ 160 രൂപയുടെ കുറവുണ്ടായിരുന്നു. സര്‍വകാല ഉയരത്തിലേക്കെത്തിയതിനു ശേഷമാണ് സ്വര്‍ണ്ണ വില കുറവിന്റെ ട്രാക്ക് പിടിക്കുന്നത്. റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണ വില കുതിക്കുന്നത് വാങ്ങാനിരിക്കുന്നവരിൽ ചെറുതല്ലാത്ത ആശങ്കയുയർത്തിയിരുന്നു. 

സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപത്തിനൊപ്പം വൈകാരികമായ ഒരടുപ്പം കൂടി നല്‍കുന്ന വസ്തുവാണ്. ഏത് ആഘോഷത്തിലും സ്വര്‍ണ്ണത്തിന് അതിന്റേതായ സ്ഥാനവുമുണ്ട്. അതുകൊണ്ട് തന്നെ വില കൂടുന്നത് സ്വര്‍ണ്ണം വാങ്ങാനിരിക്കുന്നവരില്‍ ആശങ്ക സൃഷ്ടിക്കും. മാത്രമല്ല, സ്വര്‍ണ്ണ വില ഉയര്‍ന്നതോടെ സ്വര്‍ണ്ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറയുകയും ആഭരണ നിര്‍മ്മാണ ശാലകളില്‍ തൊഴില്‍ കുറയുകയും ചെയ്തിരുന്നു. ഇത് സ്വര്‍ണ്ണ വ്യാപാര മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വര്‍ണ്ണ വില കുറയുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.

ആഗോള വിപണിയിലും കുറവിന്റെ ട്രെന്‍ഡിലാണ് സ്വര്‍ണ്ണം. ആഗോള വിപണിയിലും സര്‍വകാല ഉയരത്തിലേക്ക് എത്തിയ സ്വര്‍ണ്ണ വില ഇപ്പോള്‍ 2,000 ഡോളറിനു താഴെയാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 2,147 ഡോളര്‍ എന്ന റെക്കോഡ് വിലയിലേക്ക് എത്തിയിരുന്നു. ഇന്ന് ട്രോയ് ഔണ്‍സിന് 1,987.26 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,191 രൂപയിലേക്കും പവന് 176 രൂപയുടെ കുറവോടെ 49,528 രൂപയിലേക്കുമെത്തി.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 78 രൂപയായി തന്നെ തുടരുന്നു.

Tags:    

Similar News