സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. രണ്ട് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില ഇന്ന് 7 രൂപ ഇടിഞ്ഞ് 5500 രൂപയിലേക്ക് എത്തി. പവന് 44,000 രൂപയാണ് വില , 56 രൂപയുടെ ഇടിവ്. കഴിഞ്ഞ വെള്ളിയാഴ്ച, ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. അതിനു മുമ്പ് ജൂണ്‍ 15ന്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തി
അടിസ്ഥാന പലിശ നിരക്കുകള്‍ ഈ വര്‍ഷാന്ത്യത്തില്‍ വീണ്ടും ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ യുഎസ് ഫെഡ് റിസര്‍വ് മുന്നോട്ടുവെച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ വലിയ അളവില്‍ സ്വര്‍ണത്തില്‍ തന്നെ തുടരുമെന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാല്‍ ഏപ്രിലിലും മേയിലും നിലനിര്‍ത്തിയ ഉയര്‍ന്ന തലത്തില്‍ സ്വര്‍ണം എത്തുന്നതിനുള്ള സാധ്യത സമീപ ദിവസങ്ങളില്‍ ഉണ്ടാകില്ല. ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും യുഎസിലെ ബാങ്കിംഗ് പ്രതിസന്ധിക്ക് അയവു വന്നതും നിക്ഷേപകരെ സ്വാധീനിക്കും.
യുഎസിലെ ബാങ്കിംഗ് പ്രതിസന്ധിയും ഡോളറിനുണ്ടായ മൂല്യ ശോഷണവും ഏപ്രില്‍ തുടക്കം മുതല്‍ സ്വര്‍ണ വിലയിലെ കുതിച്ചുകയറ്റത്തിന് കാരണമായിരുന്നു. എന്നാല്‍ മേയിലെ ഫെഡ് റിസർവ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഡോളറിന്റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും ബാങ്കിംഗ് പ്രതിസന്ധിക്ക് അയവുവന്നതും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില ഇന്ന് 6,000 രൂപയാണ്. 7 രൂപയുടെ ഇടിവാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത് . പവന് 48,000 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 56 രൂപയുടെ ഇടിവാണ് ഇത്.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പൊതുവില്‍ കാണാനാകുന്നത് ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 40 പൈസയുടെ ഇടിവോടെ 78.60 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 628.80 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 3.20 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം താഴ്ന്നു, 1 ഡോളറിന് 82.11 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.