സ്വര്‍ണം പവന് 280 രൂപയുടെ ഇടിവ്
- 44,000ന് താഴേക്കെത്തുമോ എന്ന് ഉറ്റുനോക്കി നിക്ഷേപകര്‍
- 5 ദിവസങ്ങളില്‍ 22 കാരറ്റ് ഗ്രാമിന് 55 രൂപ ഇടിവ്
- വെള്ളി വിലയിലും ഇടിവ് തുടരുന്നു
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5505 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 2 ദിവസങ്ങളിലുണ്ടായിരുന്ന വിലയില്‍ നിന്ന് 35 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ അഞ്ച് ദിവസങ്ങളിലായി മൊത്തം 55 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുള്ളത്. 22 കാരറ്റ് സ്വര്‍ണം പവന് 44,040 ആണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലയില്‍ നിന്ന് 280 രൂപയുടെ ഇടിവാണിത്.
മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായി. വില പവന് 46,000ലേക്ക് എത്തുമോയെന്നു പോലും ഉറ്റുനോക്കപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപനങ്ങളും ഡോളറിന്‍റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. എങ്കിലും വില പവന് 44,000ന് താഴെക്കെത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി 44,000 - 45,000 പരിധിയില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുകയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. എന്നാല്‍ വരും ദിവസങ്ങളില്‍ സമാനമായ ഇടിവുണ്ടായി സ്വര്‍ണവില ഇനിയും താഴേക്കു നീങ്ങുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ നിക്ഷേപകര്‍.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6005 രൂപയാണ്. 40 രൂപയുടെ ഇടിവാണ് കഴിഞ്ഞ 2 ദിവസങ്ങളിലെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത് . 24 കാരറ്റ് പവന് 48,040 രൂപയാണ്, 320 രൂപയുടെ ഇടിവ്.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 70 പൈസയുടെ ഇടിവോടെ 78.50 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 628 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 5.60 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം മെച്ചപ്പെട്ടു, 1 ഡോളറിന് 82.31 എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.